ലക്ഷദ്വീപ്: ലക്ഷദ്വീപിൽ ആഞ്ഞടിച്ച് ഓഖി ചുഴലിക്കാറ്റ്. മണിക്കൂറിൽ 145 കിലോമീറ്ററാണ് കാറ്റിന്റെ വേഗം. കേരളത്തിലും ലക്ഷദ്വീപിലും കൂറ്റൻ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൽപേനിയിൽ ഹെലിപാ‍ഡ് വെള്ളത്തിനടിയിലായി. അ‍ഞ്ച് മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ടിനെക്കുറിച്ച് ഒരു വിവരവുമില്ല. ലക്ഷദ്വീപിലേക്കുള്ള കപ്പൽ സർവീസും നിർത്തി വച്ചു. 

കൊച്ചിയിൽ നിന്നും പോവേണ്ട എംവി കവരത്തിയും ബേപ്പൂരിൽ നിന്നും പോവേണ്ട എംവി മിനിക്കോയും റദ്ദാക്കി. വിമാന സർവീസും നിർത്തിയതോടെ ദ്വീപ് ഒറ്റപ്പെട്ട സ്ഥിതിയിലാണ്. സാധ്യമായ മുൻകരുതലുകളെല്ലാം സ്വീകരിച്ചതായി ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ അറിയിച്ചു.തീരപ്രദേശത്തു നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. കൽപേനിയിൽ നിന്ന് മാത്രം 167 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

അതേ സമയം സംസ്ഥാനത്ത് ഇന്നും മഴ തുടരും. തിരുവനന്തപുരം മുതൽ കാസർക്കോട് വരെ വലിയ തിരയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദേശം. കേരളത്തിലും ലക്ഷദ്വീപിലും രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേന രംഗത്തെത്തിയിട്ടുണ്ട്. 

സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. കടൽ ക്ഷോഭവും ശക്തമായ നിലയിലാണ്. കൂറ്റൻ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിശദമാക്കി. ഇതിനകം കടലിൽ കുടുങ്ങിയ 294 പേരെ രക്ഷപ്പെടുത്തി.കാണാതായവര്‍ക്കായി നാവിക വ്യോമസേനകളുടെ സംയുക്ത തെരച്ചിൽ ഉച്ചവരെ തുടരും.