ആലപ്പുഴ: എട്ടു കോടി രൂപയുടെ അസാധു നോട്ടുകളുമായി അഞ്ച് പേര്‍ ആലപ്പുഴ കായംകുളത്ത് പിടിയിലായി. ഒരു കോടി രൂപയുടെ പുതിയ നോട്ടുകള്‍ നല്‍കി കോയമ്പത്തൂരില്‍നിന്നാണ് ഇവര്‍ പഴയ നോട്ടുകള്‍ സംഘടിപ്പിച്ചത്. വിശദമായ അന്വേഷണത്തിന് കായംകുളം ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു.

ഇന്നലെ രാത്രിയാണ് കായംകുളത്തിന് സമീപം ഓച്ചിറയില്‍നിന്ന് അഞ്ചംഗ സംഘം പിടിയിലായത്. കായംകുളം സിഐയുടെ നേതൃത്വത്തില്‍ വാഹനപരിശോധന നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട രണ്ടു കാറുകള്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ വാഹനങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഡിക്കിയിലും സീറ്റിന്റെ അടിയിലുമായി ഒളിപ്പിച്ച 7.92 കോടി രൂപ മൂല്യം വരുന്ന പഴയ 500, 1000 രൂപയുടെ നോട്ടുകള്‍ കണ്ടെത്തിയത്. വാഹനത്തിലുണ്ടായിരുന്ന പാലക്കാട് എരുമയൂര്‍ സ്വദേശികളായ പ്രകാശ്, അഷ്റഫ്, അബ്ദുള്‍റസീം, മുഹമ്മദ് ഹാരിസ്, കൊടുവള്ളി സ്വദേശി നൗഷാദ് എന്നിവരെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂരില്‍നിന്നാണ് പഴയ നോട്ടുകള്‍ സംഘടിപ്പിച്ചതെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഒരു കോടി രൂപയുടെ പുതിയ നോട്ടുകള്‍ നല്‍കിയാണ് എട്ടു കോടി രൂപയുടെ പഴയ നോട്ടുകള്‍ വാങ്ങിയത്. കൂടുതല്‍ കമ്മീഷനില്‍ മറിച്ച് നല്‍കാനാണ് സംഘം കായംകുളത്തെത്തിയത്. ഈ പണം ആര്‍ക്ക് നല്‍കാനാണ് കൊണ്ടുവന്നതെന്ന് പ്രതികള്‍ വ്യക്തമാക്കിയിട്ടുമില്ല.