വീടിനകത്ത് കയറിയും പെണ്‍കുട്ടികളുടെ മേല്‍ കൈവച്ചു 12 വയസ്സായ കുട്ടിയോട് പോലും ലൈംഗികച്ചുവയോടെ സംഭാഷണം

ലക്‌നൗ: പെണ്‍മക്കള്‍ക്കെതിരെ യുവാക്കളുടെ നിരന്തരമായ ശല്യം സഹിക്കാനാകാതെ പ്രധാനമന്ത്രിക്കും യു.പി മുഖ്യമന്ത്രിക്കും മീററ്റില്‍ നിന്ന് ഒരച്ഛന്‍റെ കത്ത്. മീററ്റില്‍ നിന്ന് 25 കിലോമീറ്റര്‍ ദൂരെയുള്ള മവാനയില്‍ താമസിക്കുന്ന മുസ്ലീം കുടുംബമാണ് ജീവിക്കാന്‍ സാഹചര്യമില്ലെന്ന് കാണിച്ച് സര്‍ക്കാരുകള്‍ക്ക് കത്തയച്ചിരിക്കുന്നത്. 

12 മുതല്‍ 17 വയസ്സുവരെയുള്ള നാല് മക്കളുടേയും ജീവനും മാനവും അപകടത്തിലാണെന്നാണ് കത്തിലെ പരാതിയിലുള്ളത്. നാല് പെണ്‍മക്കള്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണുണ്ടായിരുന്നത്, മതപഠനത്തിനായി പുറത്തുപോകുന്നത് പോലും നിര്‍ത്തേണ്ടി വന്നു. ഇപ്പോള്‍ അക്രമം വീടിനകത്തേക്കുമെത്തിയിരിക്കുന്നു. 12 വയസ്സായ മകളോട് പോലും ലൈംഗികച്ചുവയോടെ സംസാരിക്കുന്നു- പരാതിയിലൂടെ പെണ്‍കുട്ടികളുടെ അച്ഛന്‍ പറഞ്ഞു. 

പരാതി കിട്ടിയിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും മീററ്റ് പൊലീസ് അറിയിച്ചു. സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത ലോകത്തിലെ ഒന്നാമത് രാജ്യം ഇന്ത്യയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന ദിവസമാണ് തന്‍റെ നാല് പെണ്‍മക്കളേയും ജീവിക്കാന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയോടെ മീററ്റില്‍ നിന്ന് വൃദ്ധനായ അച്ഛന്‍ സര്‍ക്കാരുകള്‍ക്ക് കത്തയച്ചിരിക്കുന്നത്.