എണ്ണവിലയിടിവിനെ തുടര്‍ന്നുണ്ടായ ഒമാന്റെ ബജറ്റ് കമ്മി ഉയര്‍ന്നു. ചെലവ് ചുരുക്കല്‍ അടക്കമുള്ള നടപടികളുമായി രാജ്യം മുന്നോട്ടു പോകുമ്പോള്‍ തന്നെയാണ് ബജറ്റ് കമ്മി കൂടിയത്.
4,023.3 ദശലക്ഷം ഒമാനി റിയാലാണ് ജുലൈ അവസാനത്തെ റിപ്പോര്‍ട്ട് പ്രകാരം കമ്മി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 2,391.1 ദശലക്ഷം റിയാലായിരുന്നു കമ്മി. ഇതു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 68.3 ശതമാനത്തിന്റെ വര്ധനവാണെന്നു ദേശിയ സ്ഥിതിവിവര മന്ത്രാലയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 3.3 ശതകോടി റിയാല്‍ പ്രതീക്ഷിത കമ്മി കണക്കിലെടുത്താണ് ജനുവരിയില്‍ ബജറ്റ് അവതരിപ്പിച്ചത്.
എന്നാല്‍, ഏഴ് മാസങ്ങള്‍ പിന്നിടുമ്പോഴേക്കും കമ്മി 3.3 ശതകോടി റിയാലും കടന്നിരിക്കുകയാണ്. ഇത് സാമ്പത്തിക മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ കൂടുതല്‍ സാമ്പത്തിക പരിഷ്‌കരണ നടപടികളിലേക്ക് ചിലപ്പോള്‍ കടന്നേക്കും.
എണ്ണ മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ 46.1 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 3.326 ശതകോടി റിയാല്‍ വരുമാനം ലഭിച്ചിരുന്നത് ഈ വര്‍ഷം 1.794 ശതകോടി റിയാലായി കുറഞ്ഞു. ബാരലിന് 60.2 ഡോളര്‍ കഴിഞ്ഞ വര്‍ഷം ശരാശരി വില ലഭിച്ചപ്പോള്‍ ഇത്തവണ അത് 37.6 ഡോളറായി കുറഞ്ഞു.
ബാരലിന് 45 ഡോളര്‍ പ്രതീക്ഷിത വില കണക്കാക്കിയാണ് ബജറ്റ് പ്രഖ്യാപിച്ചത്. എന്നാല്‍ 16 ശതമാനം കുറവ് വിലയാണ് ലഭിച്ചതും.
