അടുത്ത 15 വര്‍ഷത്തേക്കുള്ള എണ്ണശേഖരം ഒമാനുണ്ടെന്ന് എണ്ണ പ്രകൃതി വാതക മന്ത്രാലയം. പ്രതിദിനം എകദേശം ഒരു ദശലക്ഷം ബാരലാണ് ഇപ്പോഴത്തെ ഉത്പാദനം. പ്രകൃതി വാതകത്തിന്റെ ആദ്യഘട്ട ഉല്‍പാദനം ഈ വര്‍ഷം തന്നെ ആരംഭിക്കും .

ഒപെക്ക് രാഷ്ട്രങ്ങളുമായുള്ള ധാരണപ്രകാരം നിലവില്‍ എണ്ണയുല്‍പാദനത്തില്‍ ഒമാൻ കുറവുവരുത്തിയിട്ടുണ്ട്. ഇപ്പോള്‍ പ്രതിദിനം 9.7 ലക്ഷം ബാരല്‍ എന്ന തോതിലാണ് എണ്ണയുല്‍പാദനം നടക്കുന്നത്. എണ്ണവില ഇതോടെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്‍ ഔഫി വ്യതമാക്കി .

പ്രകൃതി വാതകത്തിന്റെ ആദ്യഘട്ട ഉല്‍പാദനം ആഗസ്റ്റില്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. 500 ദശലക്ഷം ക്യുബിക് മീറ്റര്‍ ഗ്യാസാകും ആദ്യഘട്ടത്തില്‍ ഉല്‍പാദിപ്പിക്കുക. രണ്ടാം ഘട്ട ഉല്‍പാദനം ഈ വര്‍ഷം അവസാനത്തോട് കൂടി ആരംഭിക്കും. മൂന്നാംഘട്ട ഉല്‍പാദനം 2020ഓടെ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒമാനിലെ ദുകമില്‍ 2019 അവസാനത്തോടെ പ്രകൃതിവാതകം എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതികൾ പുരോഗമിക്കുന്നത്. ഇറാനില്‍നിന്ന് ഒമാനിലേക്ക് വാതകം ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിച്ചു വരുന്നു . പൈപ്പ്‌ലൈന്‍ പദ്ധതിയുടെ സാങ്കേതിക വശങ്ങള്‍ സംബന്ധിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്.