Asianet News MalayalamAsianet News Malayalam

അനുവാദമില്ലാതെ ചിത്രം പകര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമെന്ന് ഒമാന്‍

Oman ministry  cyber law
Author
First Published Dec 6, 2017, 12:41 AM IST

മസ്കത്ത്: അനുവാദം ഇല്ലാതെ   മറ്റൊരാളുടെ ചിത്രം  ക്യാമറയിൽ പകർത്തുന്നത് ക്രിമിനൽ  കുറ്റമെന്ന് ഒമാൻ. വ്യക്തിയുടെ  സ്വകാര്യത  ലംഘിക്കുന്ന  ചിത്രങ്ങൾ  നവ മാധ്യമങ്ങളിലൂടെ  പ്രചരിപ്പിച്ചാൽ   തടവും പിഴയുമടക്കം കർശന ശിക്ഷ നൽകും. കുറ്റകൃത്യങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണ് ഒമാൻ സൈബർ നിയമങ്ങൾ കർശനമാക്കിയിരിക്കുന്നത്.

ഒമാൻ  സൈബർ നിയമത്തിന്റെ 16-ാം വകുപ്പ് അനുസരിച്ച് ,  ഏതെങ്കിലും വ്യക്തിയുടെ വാർത്താ ചിത്രങ്ങളോ , സ്വകാര്യ ചിത്രങ്ങളോ  അനുവാദം കൂടാതെ   പ്രസിദ്ധികരിച്ചാൽ ,   മൂന്നു വർഷം  തടവും, 5,000 ഒമാനി റിയാൽ പിഴയും ലഭിക്കും. ഒരു വ്യക്തിയുടെ  അനുവാദം കൂടാതെ   ക്യാമറ ഉപയോഗിച്ചോ  മൊബൈൽ  ഫോൺ  ഉപയോഗിച്ചോ  ചിത്രങ്ങൾ  എടുക്കുന്നതിനും രാജ്യത്തു   നിയന്ത്രണങ്ങൾ  നിലനിൽക്കുന്നുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം , വാട്സ് ആപ്  എന്നിവയിലൂടെ  ഒരു  വ്യക്തിയുടെ  സ്വകാര്യത ലംഘിക്കുന്ന ചിത്രങ്ങളോ , വിവരങ്ങളോ   പ്രസിദ്ധികരിക്കുന്നതു  ഒമാൻ സൈബർ   നിയമം  അനുവദിക്കുന്നില്ല.

കൂടാതെ  , അനുവാദം ഇല്ലാതെ  ഒരു സ്ത്രീയുടെ  ചിത്രം പകർത്തുകയും  പ്രസിദ്ധികരിക്കുകയും  ചെയ്യുന്ന വ്യക്തിയും സ്ഥാപനവും    കനത്ത ശിക്ഷകൾ  നേരിടേണ്ടി വരും. വിഡീയോ ചിത്രങ്ങൾ  ഉപയോഗിച്ച് ഒരു വ്യക്തിയെ ബ്ലാക്ക് മെയിൽ  ചെയ്യുന്നവർക്ക്   മൂന്നു മുതൽ പത്തു വര്ഷം തടവും,   മൂവായിരം മുതൽ പതിനായിരം ഒമാനി റിയൽ പിഴയും  ചുമത്തുവാനുള്ള  നിയമങ്ങൾ രാജ്യത്തു നിലവിലുണ്ട് .

അപകടദൃശ്യങ്ങൾ  ചിത്രീകരിക്കുന്നതും  കുറ്റകരമാണെന്ന്  റോയൽ ഒമാൻ പോലീസ് വ്യക്തമാക്കുന്നു. സമാനമായ കുറ്റ  കൃത്യങ്ങൾ  വർധിച്ചു വരുന്ന  സാഹചര്യത്തിലാണ് രാജ്യത്തു സൈബർ നിയമം  കര്‍ശനമാക്കുന്നത്. 
ഒമാൻ  ക്രിമിനൽ നിയമത്തിലെ   ആർട്ടിക്കിൾ 16 പ്രകാരം, ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി 2011-ൽ ആണ് രാജ്യത്തു  സൈബർ    നിയമം  നടപ്പിലാക്കിയത്.
 

Follow Us:
Download App:
  • android
  • ios