മസ്കറ്റ്: ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ക്രൂഡോയില്‍ കയറ്റുമതിയില്‍ 15 ശതമാനം കുറവ് വരുത്തുമെന്ന് ഒമാന്‍ എണ്ണ - പ്രകൃതി വാതക മന്ത്രാലയം.ആഭ്യന്തര വിപണിയില്‍ എണ്ണയുടെ ആവശ്യം വര്‍ധിച്ചതോടെയാണ് മന്ത്രാലയത്തിന്റെ തീരുമാനം.ജൂണ്‍ മാസത്തോടെ കൂടി പുതിയ കയറ്റുമതി തോത് നിലവില്‍ വരും.കയറ്റുമതി കുറക്കുന്നതുമായി ബന്ധപെട്ട ചര്‍ച്ചകള്‍ ഒമാനില്‍ നടന്നു വരികയായിരുന്നു.

ഒപെക്ക് അംഗ രാഷ്‌ട്രങ്ങളുമായി ഉല്‍പാദന നിയന്ത്രണത്തില്‍ ഉള്ള ധാരണയും,സൊഹാര്‍ റിഫൈനറിയിലേക്ക് ആവശ്യമായി വരുന്ന എണ്ണയും പരിഗണിച്ചാണ് കയറ്റുമതിയില്‍ കുറവ് വരുത്തുന്നത്. ഇതു ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ക്രൂഡോയില്‍ കയറ്റുമതിയുടെ തോത് കുറക്കും. ഒമാനി ക്രൂഡിന്റെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നത് ചൈനയാണ്.

കയറ്റുമതി പ്രതിദിനം അമ്പതിനായിരം ബാരല്‍ എന്ന നിലവാരത്തിലേക്ക് കുറയുവാനാണ് സാധ്യത. ഒപെക്ക് രാഷ്‌ട്രങ്ങളുമായുള്ള ധാരണപ്രകാരം കഴിഞ്ഞ ജനുവരി മുതല്‍ ഒമാന്‍ ക്രൂഡോയില്‍ ഉല്‍പാദനം കുറച്ചിരുന്നു. ഒരു ദശലക്ഷം ബാരലിന് മുകളിലായിരുന്ന പ്രതിദിന ഉല്‍പാദനം 9.65 ലക്ഷം ബാരലായാണ് കുറച്ചത്.

സൊഹാര്‍ റിഫൈനറിയുടെ വിപുലീകരണ ജോലികള്‍ കഴിഞ്ഞ മാസം പകുതിയോടെ പൂര്‍ത്തിയായി .വിപുലീകരണത്തിന്റെ ഭാഗമായി നിര്‍മിച്ച പ്ലാന്റുകള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ റിഫൈനറിക്ക് അധിക എണ്ണ ആവശ്യമായി വരും.ഇതിന്റെ ഭാഗമായുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും എണ്ണ, പ്രകൃതി വാതക മന്ത്രാലയം വ്യക്തമാക്കി.