ഷാങ്ഹായ്: മൂന്നാം നിലയില്‍ നിന്ന് ഒരു പിഞ്ചു കുട്ടി തഴെ റോഡിലേക്കു വീഴുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. താഴേക്ക് വീഴുന്ന കുട്ടിയെ റോഡിലുണ്ടായിരുന്ന വിദ്യാര്‍ഥിനി പിടിക്കാന്‍ ശ്രമിച്ചെങ്കിലും താഴെ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് പുറത്താണ് കുട്ടി വീണത്. ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ രണ്ട് ദിവസം മുമ്പാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
കുട്ടി താഴേക്ക് വീഴുന്നതും വിദ്യാര്‍ഥിനി പിടിക്കാന്‍ ശ്രമിക്കുന്നതും സമീപത്തെ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. ഈ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്. അപകടത്തില്‍ താഴേക്ക് വീണ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടുവെന്ന് ഷാങായ്സ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കാര്യമായ പരിക്കൊന്നുമില്ലെന്ന് ഡോക്ടര്‍മാരും സ്ഥിരീകരിച്ചു.
സിക്സ്ത് ഗ്രേഡ് വിദ്യാര്‍ഥിനിയായ ചെന്‍ ക്യൂ സഹപാഠികള്‍ക്കൊപ്പം റോഡിലൂടെ നടന്നുപോവുമ്പോള്‍ വെറുതെ മുകളിലേക്ക് നോക്കിയപ്പോഴാണ് ഒരു കുട്ടി താഴേക്ക് വീഴുന്നത് കാണുന്നത്. ഓടിപ്പോയി കുട്ടിയെ കൈയിലൊതുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. താഴെ വീണ കുട്ടിയെ ചെന്‍ ക്യൂ കൈയില്‍ കോരിയെടുത്ത് അപ്പോഴേക്കും ആളുകള്‍ ചുറ്റും കൂടുന്നതുമാണ് വീഡിയോയിലുള്ളത്. തുറന്നിട്ട ജനലിലൂടെ റോഡില്‍ അമ്മയുണ്ടോ എന്ന് നോക്കുന്നതിനിടെയാണ് പിഞ്ചുകുട്ടി താഴേക്ക് വീഴാന്‍ കാരണം.
