Asianet News MalayalamAsianet News Malayalam

ചട്ടങ്ങള്‍ക്ക് വിധേയമായി ഓണം ബോണസ് നല്‍കുമെന്ന് മന്ത്രിമാര്‍

നിലവിലുള്ള ബോണസ് ചട്ടങ്ങള്‍ക്ക് വിധേയമായാണ് സംസ്ഥാന സര്‍ക്കാര്‍ ബോണസ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. മുന്‍ വര്‍ഷത്തില്‍ നിന്നും 3000 രൂപ വര്‍ധിപ്പിച്ച് നിലവില്‍ ബോണസ് പരിധി 24000 രൂപയായി സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. 

Onam bonus will supply as per the rule
Author
Kerala, First Published Aug 8, 2018, 9:14 PM IST

തിരുവനന്തപുരം: അസംഘടിത-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2018-ലെ ഓണം ബോണസ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ബോണസ് മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് നല്‍കാന്‍ തൊഴില്‍ നൈപുണ്യ വകുപ്പു മന്ത്രി ടിപി രാമകൃഷ്ണന്‍, കൃഷി വകുപ്പു മന്ത്രി വിഎസ് സുനില്‍കുമാര്‍ എന്നിവരുടെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റ് അനക്‌സ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ യോഗത്തില്‍ തീരുമാനമായി. 

നിലവിലുള്ള ബോണസ് ചട്ടങ്ങള്‍ക്ക് വിധേയമായാണ് സംസ്ഥാന സര്‍ക്കാര്‍ ബോണസ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. മുന്‍ വര്‍ഷത്തില്‍ നിന്നും 3000 രൂപ വര്‍ധിപ്പിച്ച് നിലവില്‍ ബോണസ് പരിധി 24000 രൂപയായി സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. ബോണസ് പരിധിക്കപ്പുറമുള്ളവര്‍ക്ക് ഉത്സവ ബത്ത നല്‍കും.  അസംഘടിത- പരമ്പരാഗത മേഖലയില്‍ പൂട്ടിക്കിടക്കുന്ന വ്യവസായങ്ങളിലെ തൊഴിലാളികള്‍ക്ക് ആനൂകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന്  മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു. 

ഓണത്തിനു മുമ്പ് വിവിധ വിഭാഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ കുടിശിക പൂര്‍ണമായും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.നോട്ടു നിരോധനം, നികുതി പരിഷ്‌ക്കരണം ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് ദോഷകരമായി മാറിയിരിക്കുകയാണ്. മോശം സാമ്പത്തിക സ്ഥിതിയുടെ പശ്ചാത്തലത്തില്‍ ചിലവുചുരുക്കല്‍ കൊണ്ടു മാത്രമേ പിടിച്ചു നില്‍ക്കാന്‍ കഴിയുകയുള്ളുവെന്ന് കൃഷി മന്ത്രി വിഎസ്.സുനില്‍കുമാര്‍ പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി വിലയിരുത്തുവാനും നിരീക്ഷിക്കുവാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആനുകൂല്യങ്ങളൊന്നും വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ തയാറല്ല. ജീവനക്കാര്‍ക്ക് അര്‍ഹമായത് നല്‍കാന്‍ തന്നെയാണ് കേരള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.  കേരഫെഡ്, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ കേരള, സ്റ്റേറ്റ് ഫാമിംഗ് കോര്‍പറേഷന്‍ കേരള, അഗ്രോ ഇന്‍ഡസ്ട്രീസ്, കാംകോ, ഓയില്‍ പാം ഇന്ത്യാ, ഹോര്‍ട്ടികോര്‍പ്പ്, വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനി, സ്‌റ്റേറ്റ് വെയര്‍ഹൗസിംഗ് കോര്‍പറേഷന്‍ എന്നിവയുടെ യോഗമാണ് വിളിച്ചു ചേര്‍ത്തത്.
 
പ്ലാന്റേഷന്‍ കോര്‍പറേഷന്‍ കേരള, സ്റ്റേറ്റ് ഫാമിംഗ് കോര്‍പറേഷന്‍ കേരള എന്നിവിടങ്ങളില്‍ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ഓണം ബോണസും വേതനവും ബാങ്കു വഴിയല്ലാതെ നേരിട്ട് നല്‍കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് മന്ത്രിമാര്‍ നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തോട്ടം മേഖലയുമായി ബന്ധപ്പെട്ട് മുന്‍പ് ചേര്‍ന്ന യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമെടുക്കുകയും തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഇതു കൃത്യമായി പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിക്കണം. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ കേരളയിലെ മറ്റ് പ്രശ്‌നങ്ങള്‍, ബോണസ് സംബന്ധിച്ച മറ്റ് പരാതികള്‍ എന്നിവ തൊഴില്‍, കൃഷി മന്ത്രിമാരുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ ആദ്യവാരം യോഗം വിളിച്ച് ചര്‍ച്ച ചെയ്യും. 

സ്‌റ്റേറ്റ് ഫാമിംഗ് കോര്‍പറേഷനിലെ ബോണസ് സംബന്ധിച്ച മറ്റ് പരാതികളും സ്ഥലം എംഎല്‍എ ഗണേഷ് കുമാര്‍ ഉന്നയിച്ച പരാതികളും ഒക്ടോബറില്‍ യോഗം വിളിച്ച് ചര്‍ച്ച ചെയ്യും. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് എംഡി റിപ്പോര്‍ട്ട് തയാറാക്കി യോഗത്തിനു മുന്‍പ്  തൊഴില്‍, കൃഷി മന്ത്രിമാര്‍ക്കും സ്ഥലം എംഎല്‍എയ്ക്കും സ്ഥാപനത്തിലെ യൂണിയന്‍ നേതാക്കള്‍ക്കും നല്‍കണമെന്നും മന്ത്രിമാര്‍ നിര്‍ദേശിച്ചു. 
മറ്റ് സ്ഥാപനങ്ങളിലെ ബോണസ് സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ അത് പിന്നീട് ചര്‍ച്ച ചെയ്ത് പരിഹരിക്കും. 2017-ല്‍ ഓണത്തിനു വിതരണം ചെയ്ത ബോണസില്‍ നിന്നും മാറ്റമില്ലാതെ ഇക്കുറിയും അതേ തുക ഓണത്തിനു മുന്‍പ് ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും നല്‍കാനും യോഗം തീരുമാനിച്ചു. 

ലാഭത്തിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടിരിക്കുന്ന ബോണസ് വര്‍ധന സംബന്ധിച്ച് മന്ത്രിസഭയില്‍  റിപ്പോര്‍ട്ട് ചെയ്യും. കാബിനറ്റിന്റെ തീരുമാനമനുസരിച്ച് ഇതു സംബന്ധിച്ച മറ്റു നടപടികള്‍ സ്വീകരിക്കുമെന്നും യോഗത്തില്‍ മന്ത്രിമാര്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ മുന്‍വര്‍ഷം നല്‍കിയ അതേ തുക തന്നെ ഇക്കുറിയും ഓണം ബോണസായി നല്‍കുന്നതിനും കാബിനറ്റില്‍ ഇതിന് അംഗീകാരം നേടുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്നും ഇരു മന്ത്രിമാരും വ്യക്തമാക്കി.

യോഗത്തില്‍ കൃഷി വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി അനില്‍ സേവ്യര്‍, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (ഐആര്‍) എസ് തുളസീധരന്‍, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍(ഇ) ബിച്ചു ബാലന്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍, തൊഴിലാളി സംഘടനാ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios