ദുബായ്: നാളെയാണ് തിരുവോണമെങ്കിലും യു.എ.ഇയില്‍ താമസിക്കുന്ന മലയാളികളില്‍ പലരുടേയും ഓണാഘോഷം ഇന്നായിരുന്നു. നാളെ സ്വകാര്യ മേഖലയ്ക്ക് പ്രവൃത്തിദിനമാണ് എന്നതിനാല്‍ വിവിധ കൂട്ടായ്മകളും സംഘടനകളും ഓണാഘോഷം ഒരു ദിവസം നേരത്തെയാക്കുകയായിരുന്നു.
ഗള്‍ഫ് നാട്ടിലാണെങ്കിലും ഓണാഘോഷത്തിന് മാറ്റ് കുറവൊന്നുമില്ല. ദുബായ് അബുഹൈല്‍ ബിന്‍ ബിഷര്‍ ബില്‍ഡിംഗിലെ താമസക്കാരെല്ലാവരും ചേര്‍ന്നു ഓണാഘോഷം നടത്തി. കേരളീയര്‍ മാത്രമല്ല, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ആഘോഷത്തില്‍ പങ്കാളികളായി. പൂക്കളവും പാട്ടും തിരുവാതിരയുമെല്ലാമായി ആഘോഷം കെങ്കേമം.
തിരുവോണ ദിനമായ ബുധനാഴ്ച യു.എ.ഇയിലെ സ്വകാര്യ മേഖലയ്ക്ക് അവധിയില്ലാത്തതിനാല്‍ ആഘോഷം ഒരു ദിവസം നേരത്തെയാക്കുകയായിരുന്നു ഇവര്‍.
മാവേലി എഴുന്നള്ളത്തും ഓണസദ്യയുമെല്ലാമായി കൂട്ടായ്മയുടെ ഓണാഘോഷമായി ഇത്. ദുബായിലെ അറേബ്യന്‍ സെന്റര്‍ പൂക്കളമിടല്‍ ഉള്‍പ്പടെയുള്ള മത്സരങ്ങളുമായാണ് ഓണാഘോഷം സംഘടിപ്പിച്ചത്. പുലികളിയും ചെണ്ടമേളവുമെല്ലാമായിട്ടായിരുന്നു ആഘോഷം.
