Asianet News MalayalamAsianet News Malayalam

ഖനിയിൽ കുടുങ്ങിയവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; തിരച്ചിൽ തുടരുന്നു

35 ദിവസം നീണ്ട തിരച്ചിലിനൊടുവിൽ 200 അടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പതിനാല് പേരുടെ ശരീരങ്ങൾ എവിടെയെന്ന അന്വേഷണത്തിലാണ് രക്ഷാപ്രവർത്തകർ. കഴിഞ്ഞ  ഡിസംബർ 13 നാണ് ജയന്തിയ മലനിരകളിലെ കൽക്കരി ഖനികൾ‌ക്കുള്ളിൽ പതിനഞ്ച് ഖനിത്തൊഴിലാളികൾ കുടുങ്ങിയത്. 

one dead body of laboures found from meghalaya mine tragedy
Author
New Delhi, First Published Jan 17, 2019, 6:58 PM IST

ദില്ലി: മേഘാലയയിലെ 'എലിമാള' ഖനികൾക്കുള്ളിൽ കുടുങ്ങിയ പതിനഞ്ച് ഖനിത്തൊഴിലാളികളിൽ ഒരാളുടെ മൃതശരീരം കണ്ടെത്തിയതായി നാവികസേനയുടെ വെളിപ്പെടുത്തൽ. 35 ദിവസം നീണ്ട തിരച്ചിലിനൊടുവിൽ 200 അടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പതിനാല് പേരുടെ ശരീരങ്ങൾ എവിടെയെന്ന അന്വേഷണത്തിലാണ് രക്ഷാപ്രവർത്തകർ. കഴിഞ്ഞ  ഡിസംബർ 13 നാണ് ജയന്തിയ മലനിരകളിലെ കൽക്കരി ഖനിക്കുള്ളിൽ പതിനഞ്ച് ഖനിത്തൊഴിലാളികൾ കുടുങ്ങിയത്. ഒരു മാസത്തിലേറെയായി രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. നാവികസേന നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നാവികസേനാ വക്താവ് ട്വിറ്ററിലൂടെയാണ് ഈ വാർത്ത അറിയിച്ചത്. 

തൊട്ടടുത്ത നദിയിൽ നിന്നും ഖനിക്കുള്ളിൽ വെള്ളം നിറഞ്ഞ് ​ഗുഹാമുഖം അടഞ്ഞു പോയതിനാലാണ് തൊഴിലാളികൾ ഇതിനുള്ളിൽ‌  കുടുങ്ങിപ്പോയത്. നാവികസേനയിലെ ഡൈവർമാർ ഉപയോ​ഗിക്കുന്ന അണ്ടർ വാട്ടർ റിമോട്ട്ലി ഓപ്പറേറ്റഡ് വെ​​ഹിക്കിൾ ഉപയോ​ഗിച്ചാണ് രക്ഷാപ്രവർത്തനം തുടർന്നു കൊണ്ടിരിക്കുന്നത്. നദിയിൽ നിന്നും വെള്ളം കയറിക്കൊണ്ടിരിക്കുന്നതിനാൽ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമാണെന്ന് നാവിക സേന വ്യക്തമാക്കിയിരുന്നു.

കോയൽ ഇന്ത്യ, ഇന്ത്യൻ നാവിക സേന, ദേശീയ ദുരന്തനിവാരണ സേന, ഒഡീഷ ഫയർ സർവ്വീസ്, കിർലോസ്കർ കമ്പനി എന്നിവർ ഇപ്പോഴും രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ്. 'അത്ഭുതം സംഭവിക്കുമെന്ന വിശ്വാസത്തോടെ രക്ഷാപ്രവർത്തനം നടത്തുക'യെന്നായിരുന്നു സുപ്രീം കോടതി ഈ ദുരന്തത്തെക്കുറിച്ച് പ്രതികരിച്ചത്. 

തായ്ലന്റ് ​ഗുഹയിൽ അകപ്പെട്ട് പോയ 12 കുട്ടികളെ രക്ഷപ്പെടുത്തിയ അതേ സൈന്യമാണ് മേഘാലയയിലും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയത്. അനധികൃതമായിട്ടാണ് ഈ കൽക്കരി ഖനി പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഖനിയിൽ കുടുങ്ങിയവരിൽ മൂന്നുപേർ മാത്രമാണ് മേഘാലയക്കാർ. ബാക്കിയുള്ളവർ അസം സ്വദേശികളാണ്. 

Follow Us:
Download App:
  • android
  • ios