രാമനവമിയുടെ പേരില്‍ ബിജെപിയുടെ ആയുധറാലി; ഒരാള്‍ കൊല്ലപ്പെട്ടു

First Published 26, Mar 2018, 7:11 AM IST
one died in clashes as bjp holds rally in bengal on ramnavami
Highlights
  • സര്‍ക്കാറിന്‍റെ അനുമതിയില്ലാതെ നടത്തിയ റാലി സംഘര്‍ഷത്തിലെത്തുകയായിരുന്നു

കൊല്‍ക്കത്ത:  രാമനവമി ആഘോഷത്തിന്റെ പേരില്‍ പശ്ചിമബംഗാളില്‍ ബിജെപിയുടെ ആയുധറാലിയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പോലീസുകാരടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 50 കാരനായ  എസ് കെ സജഹാന്‍ ആണ് കൊല്ലപ്പെട്ടത്. ബംഗാളിലെ പുരുലിയ ജില്ലയിലാണ് ആക്രമണമുണ്ടായത്. ബിജെപി സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിലായിരുന്നു ആയുധ റാലി. .

മമതാ ബാനര്‍ജി സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടും പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഗോഷിന്റെ നേതൃത്വത്തില്‍ രാമനവമിയുടേ പേരില്‍ പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി തെരുവിലറങ്ങുകയായിരുന്നു. 

കൊല്‍ക്കത്തയിലും ന്യൂ ടൌണിലും കരാഗ്പുരീലും വാളും കത്തിയും ഉയര്‍ത്തികാട്ടി നൂറ് കണക്കിന് പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു. രാമരാജ്യത്തിനായുള്ള ചുവട് വയപ്പെന്നായിരുന്നു ബിജെപി നേതാവ് മുകുള്‍ റോയിയുടെ പ്രതികരണം. തൃണമൂല്‍ കോണ്‍ഗ്രസും സംസ്ഥാനത്ത് രാമനവമി ആഘോഷം ഒരുക്കിയിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആഘോഷ പന്തലുകള്‍ ബിജെപി പ്രവര്‍ത്തകര്‍ നശിപ്പിച്ചതായും ആരോപണമുണ്ട്. ഹവുറ ജില്ലയിലും ദുര്‍ഗപുറിലും തൃണമൂല്‍ ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.പാരമ്പര്യത്തെ ഉയര്‍ത്തികാട്ടാനായാണ് ആയുധ റാലി നടത്തിയതെന്നും അനാവശ്യവിവാദങ്ങള്‍ ഉണ്ടാക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശ്രമമെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു.

കഴിഞ്ഞ വര്‍ഷം രാമനവമി ആഘോഷങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുത്തിരുന്നില്ല. പുതിയ നയം മാറ്റം മമതാ സര്‍ക്കാര്‍ മൃദു ഹിന്ദുത്വത്തിലേക്ക് ചുവട് മാറുന്നതിന്റെ സൂചനയാണെന്നും ബിജെപി ആരോപിച്ചു.

loader