കൊല്ലം ഓച്ചിറയില്‍ ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഗ്യാസ് ടാങ്കര്‍ ലോറിയും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ മറ്റൊരു ടാങ്കര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ലോറിയുടെ ക്ലീനറായ മനു എന്നയാളാണ് മരിച്ചത്.
പുലര്‍ച്ചെ 1.40ഓടെയാണ് ഓച്ചിറക്ക് സമീപം ദേശീയ പാതയില്‍ അപകടം സംഭവിച്ചത്. ഡ്രൈവര്‍ വിശ്രമിക്കുന്നതിനായി നിര്‍ത്തിയിട്ടിരുന്ന ഗ്യാസ് ടാങ്കര്‍ ലോറിയിലേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങളുമായി വന്ന മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. 6000 ലിറ്റര്‍ വീതം പെട്രോളും ഡീസലും ഈ ടാങ്കറില്‍ ഉണ്ടായിരുന്നു. ഗ്യാസ് ടാങ്കറിന് ചോര്‍ച്ചയൊന്നും സംഭവിക്കാത്തതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ലോറി ഇപ്പോള്‍ ദേശീയ പാതയില്‍ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.
