കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ രണ്ട് മൃതദേഹം കൂടി കണ്ടെത്തി. തിരുവനന്തപുരം പൂന്തുറ ഭാഗത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. നേരത്തെ കൊച്ചിയില്‍ നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയിരുന്നു. തീര സംരക്ഷണ സേന നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹം ഫിഷറീസിന്റെ ബോട്ടില്‍ വൈപ്പിനില്‍ എത്തിക്കും. ഇതോടെ, ദുരന്തത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 41 ആയി. ഇതില്‍ 32 പേരുടെ മൃതദേഹങ്ങള്‍ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. ഇനി ഒമ്പത് മൃതദേഹം കൂടി തിരിച്ചറിയാനുണ്ട്. 

അതേസമയം, ഓഖി ദുരന്തത്തില്‍ ലക്ഷദ്വീപില്‍ കുടുങ്ങിയ 207 മല്‍സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ചു. രാത്രിയിലും രാവിലെയുമായി 15 ബോട്ടുകളിലായാണ് ഇവര്‍ കൊച്ചിയില്‍ തീരമണഞ്ഞത്. ഇതില്‍ അവശരായ ഒന്‍പതുപേരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘത്തില്‍ 27 മലയാളികളാണുള്ളത്. ബാക്കിയുള്ളവരില്‍ ഏറെപ്പേരും തമിഴ്‌നാട്ടുകാരും. അതേസമയം, ലക്ഷദ്വീപില്‍ കുടുങ്ങിയ കൂടുതല്‍ പേര്‍ ഇന്ന് കൊച്ചിയിലെത്തും. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സാ സഹായം ലഭ്യമാക്കിയതിന് ശേഷം തമിഴ്‌നാട്ടിലേയ്ക്ക് മടങ്ങാനുള്ള സംവിധാനങ്ങളൊരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

ചുഴലിക്കാറ്റില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ 11-ാം ദിവസവും തുടരുകയാണ്. തിരച്ചിലിന് അയല്‍രാജ്യങ്ങളുടെ സഹായം തേടുന്നതുള്‍പ്പെടെ, ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. മല്‍സ്യത്തൊഴിലാളികളുമായി തീരസംരക്ഷണ സേനാ കപ്പലും വ്യോമസേനാ വിമാനവും തിരച്ചിലിന് പുറപ്പെട്ടു. ചെറുബോട്ടുകളില്‍ കടലില്‍ പോയ 95 പേരെ ഇനിയും രക്ഷപെടുത്താനുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. തിരുവനന്തപുരത്തുനിന്ന് മല്‍സ്യബന്ധനത്തിനു പോയ 285 പേര്‍ ഇനിയും തിരിച്ചെത്താനുണ്ടെന്ന് ലത്തീന്‍ കത്തോലിക്കാ സഭയും പറയുന്നു. ചുഴലിക്കാറ്റില്‍ പെട്ട് മടങ്ങിയെത്താത്തവര്‍ക്കായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത ഇന്ന് പ്രാര്‍ത്ഥനാ ദിനം ആചരിക്കുകയാണ്.