ഇടുക്കി: ഇടുക്കിയില്‍ ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്കുമായി വൃദ്ധന്‍ പിടിയില്‍. നെല്ലിക്കാട് കാക്കാനിക്കല്‍ തോമസ് മത്തായി(67) ആണ് ഏലത്തോട്ടത്തിലെ ഷെഡ്ഡിനുള്ളില്‍ സൂക്ഷിച്ചിരുന്ന നിറതോക്കും അനുബന്ധ ഉപകരണങ്ങളുമായി പിടിയിലായത്. ബൈസണ്‍വാലി ഇരുപതേക്കറിനു സമീപം ഉപ്പള ഭാഗത്ത് നിന്നാണ് ബോഡിമെട്ട് സെക്ഷന്‍ ഫോറസ്റ്റര്‍ കെ.കെ വിനോദിന്‍റെ നേതൃത്വത്തിലുള്ള വനപാലകരുടെ സംഘം ഇയാളെ പിടികൂടിയത്.

വനംവകുപ്പ് ദേവികുളം റെയ്ഞ്ച് ഓഫീസര്‍ സി.ഒ നെബുകിരണിന്റെ നിര്‍ദ്ദേശപ്രകാരംപുതുവര്‍ഷത്തോടനുബന്ധിച്ച് വനമേഖലയില്‍ റെയ്ഡ് നടത്തുന്നതിനിടെ ഇരുപതേക്കറിനു മുകള്‍ഭാഗത്തുള്ള ഒറ്റപ്പെട്ട ഏലത്തോട്ടം മേഖലയായ ഉപ്പള ഭാഗത്ത് ഷെഡ്ഡില്‍ നടത്തിയ പരിശോധനയിലാണു നിറച്ച് വച്ചിരുന്ന വ്യാജ തോക്ക് പിടിച്ചെടുത്തത്. സമീപത്തുനിന്നും രാത്രിവേട്ടയ്ക്കുള്ള ഹെഡ്‌ലൈറ്റ്,തിരകള്‍,മറ്റ് അനുബന്ധ സാമഗ്രികള്‍ എന്നിവയും കണ്ടെടുത്തു. തുടര്‍ന്ന് സ്ഥലമുടമയായ തോമസ് മത്തായിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

കാട്ടാനയുടെ ആക്രമണം നിരന്തരം ഉണ്ടാകുന്ന പ്രദേശമാണെന്നും,പടക്കം പൊട്ടിച്ചാലും ആനകള്‍ ഒഴിഞ്ഞു പോകാത്തതിനാല്‍ ലിയ ശബ്ദമുണ്ടാക്കി ഭയപ്പെടുത്തി ഓടിക്കുന്നതിനായി നിറച്ചു വച്ചിരിക്കുന്നതാണെന്നും ഇയാള്‍ വനപാലകരോട് പറഞ്ഞു. അനധികൃതമായി തോക്ക് കൈവശം വച്ചതിനു ഇയാളെ രാജാക്കാട് പൊലീസിനു കൈമാറി. ബീറ്റ് ഫോറസ്റ്റര്‍മാരായ ആര്‍.പ്രകാശ്, എസ്.ഷൈജു, പി.പി ജോബി എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.