ആറാട്ടുപുഴ കള്ളികാട്ട് ബന്ധുവീടിനു സമീപം നിന്നാണു കഞ്ചാവുമായി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. 

ആലപ്പുഴ: ആലപ്പുഴ എക്‌സൈസ് എന്‍ഫോഴ്‌മെന്റ് ആന്റ് ആന്റി നര്‍കോട്ടിക് സ്‌ക്വാഡ് കായംകുളം, കാര്‍ത്തികപള്ളി, വലിയ അഴീക്കല്‍, പുല്ലുകുളങ്ങര, ആറാട്ടുപുഴ എന്നിവടങ്ങളില്‍ നടത്തിയ റെയ്ഡില്‍ 1 കിലോ 120 ഗ്രാം കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി താലൂക്കില്‍ ആദിനാട് വില്ലേജില്‍ കൊച്ചുവളാലില്‍ വീട്ടില്‍ സത്യലാല്‍ (22) ആണ് അറസ്റ്റിലായത്. ഇയാളെ ആറാട്ടുപുഴ കള്ളികാട്ട് ബന്ധുവീടിനു സമീപം നിന്നാണു കഞ്ചാവുമായി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. 

ആറാട്ടുപുഴ വലിയഴീക്കല്‍ ഭാഗങ്ങളില്‍ ബീച്ചില്‍ കഞ്ചാവ് വില്പന സംബന്ധിച്ച് ധാരാളം പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ രഹസ്യ നീക്കത്തില്‍ കഞ്ചാവുമായി ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന രണ്ട് വിദ്യാര്‍ത്ഥികളെ ആറാട്ടുപുഴ പുല്ലുകുളങ്ങരയില്‍ വച്ച് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറാട്ടുപുഴ വലിയഴീക്കല്‍ ബീച്ചില്‍ കഞ്ചാവ് വില്പന നടത്തുന്ന സത്യലാലിനെ കുറിച്ച് വിവരം ലഭിച്ചു. തുടര്‍ന്നാണ് ഇയാളെ കഞ്ചാവുമായി പിടികൂടിയത്. 

ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും തിരുവല്ല റയില്‍വേ സ്റ്റേഷന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലഹരി കടത്ത് സംഘമാണ് കഞ്ചാവ് വിതരണക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നത് എന്ന വിവരം ലഭിച്ചു. തുടര്‍ന്ന് ഇവരെ അന്വേഷിച്ച് തിരുവല്ലയില്‍ എത്തിയ സ്‌ക്വാഡ് സംഘത്തെ തിരുവല്ല റയില്‍വേസ്റ്റേഷന്‍ ഗുഡ്‌ഷെഡ് ഓവര്‍ബ്രിഡ്ജിനു സമീപം കഞ്ചാവുമായി രജിസ്‌ടേഷന്‍ ചെയ്യാത്ത ഇരുചക്രവാഹനത്തില്‍ എത്തിയ രണ്ട് പേര്‍, പിന്‍തുടര്‍ന്ന എക്‌സൈസ് സംഘത്തെ കണ്ട് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. 

കഞ്ചാവ് കടത്തുന്നതിനായി ഉപയോഗിച്ച വാഹനം കസ്റ്റഡിയില്‍ എടുത്തു. അന്വേഷണത്തില്‍ ഈ വാഹനം രജിസ്‌ട്രേഷന്‍ കാലവധി കഴിഞ്ഞിട്ട് മാസങ്ങളായിട്ടും രജിസ്‌ട്രേഷന്‍ ചെയ്യാതെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്ന് കാണ്ടെത്തി. വാഹനം വാങ്ങിയത് കോഴിക്കോട് ഉള്ള ഒരാളുടെ മേല്‍ വിലാസത്തിലാണ്. പ്രദേശിക പരിചയപ്പെടുത്തല്‍ നടത്തിയത് നിരവധി ക്രിമനല്‍ കേസുകളില്‍ ഉള്‍പ്പെട്ട് ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന ഒരാളുടേതാണെന്നും മനസ്സിലായി. 

ആലപ്പുഴ എക്‌സൈസ് സ്‌ക്വാഡ് സമീപകാലത്ത് എടുത്തിട്ടുള്ള പലകേസുകളുടെയും ഉറവിടം ചങ്ങനാശ്ശേരി തിരുവല്ല ഭാഗങ്ങളില്‍ നിന്നുമാണെന്നും ഈ സംഘത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതാണെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി റോബര്‍ട്ട് പറഞ്ഞു. പ്രതിയെ ഹരിപ്പാട് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിമുമ്പാകെ ഹാജരാക്കി റിമാന്‍റ് ചെയ്തു. അന്വേഷണത്തില്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി റോബര്‍ട്ടിനെ കൂടാതെ പ്രിവന്റീവ് ഓഫീസര്‍ന്മാരായ, എ കുഞ്ഞുമോന്‍, ഫെമിന്‍, എം ബൈജു, എം കെ സജിമോന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ന്മാരായ രവികുമാര്‍, ഓംകാരനാഥ്, റഹിം, അനിലാല്‍, അരുണ്‍ എന്നിവര്‍ പങ്കെടുത്തു.