ആദായനികുതി വകുപ്പിന്റെ ചെന്നൈ ഓഫീസാണ് റെയ്ഡ് നടത്തിയത് ചെന്നൈയിലും വെല്ലൂരിലുമുള്ള 22ല്‍ അധികം സ്ഥാപനങ്ങളിലാണ്  റെയ്‍ഡ് നടന്നത്

ചെന്നൈ : തമിഴ്നാട്ടിലെ പ്രമുഖ കരാറുകാരന്റെ വീട്ടില്‍ നിന്ന് ഇന്‍കം ടാക്സ് റെയ്ഡില്‍ കണ്ടെത്തിയത് വന്‍തുക. സംസ്ഥാനത്തെ നിരവധി റോഡുകള്‍ അടക്കമുള്ളവയുടെ കരാറുകാരനായ എസ്പികെ കമ്പനിയുടമയുടെ വീട്ടിലായിരുന്നു റെയ്ഡ് നടത്തിയത്. ആദായനികുതി വകുപ്പിന്റെ ചെന്നൈ ഓഫീസാണ് റെയ്ഡ് നടത്തിയത്. 

കണക്കില്‍പെടാത്ത 160 കോടി രൂപ, 100 കിലോ സ്വര്‍ണം എന്നിവയടക്കം ആദായ നികുതി വകുപ്പ് റെയ്ഡില്‍ ഉള്‍പ്പെടുന്നു. റെയ്ഡ് തുടരുന്നതിനാല്‍ പിടിച്ചെടുത്ത വസ്തുക്കളുടെ മൂല്യം ഇനിയും കൂടുമെന്നാണ് കണക്കാക്കുന്നത്. വന്‍തുകയുടെ നികുതി വെട്ടിക്കുന്നതായി സൂചനകള്‍ ലഭിച്ചതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പ് റെയ്‍ഡ് നടത്തിയത്. വന്‍ രാഷ്ട്രീയ സ്വാധീനമുള്ള എസ്പികെ കമ്പനിയുടെ ചെന്നൈയിലും വെല്ലൂരിലുമുള്ള 22ല്‍ അധികം സ്ഥാപനങ്ങളിലാണ് റെയ്‍ഡ് നടന്നത്. 

പാര്‍ക്കിങ് ഏരിയകളില്‍ നിര്‍ത്തിയിട്ട കാറുകളില്‍ നിന്നും ഓഫീസുകളിലെ ബാഗുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണമുണ്ടായിരുന്നത്. രാജ്യത്തെ നടന്ന റെയ്ഡുകളില്‍ നിന്ന് പിടികൂടിയതില്‍ ഏറ്റവുമധികം തുക പിടികൂടുന്നത് ഇവിടെ നിന്നാണെന്നാണ് ആദായ നികുതി വകുപ്പ് അവകാശപ്പെടുന്നത്. നോട്ട് നിരോധനത്തിന് പിന്നാലെ ഖനി മേഖലകളില്‍ നടത്തിയ റെയ്ഡില്‍ പിടികൂടാന്‍ സാധിച്ചത് 110 കോടി രൂപയായിരുന്നു. തമിഴ്നാട്ടിലൂടെയുള്ള ദേശീയപാതകളുടെ നിര്‍മാണത്തില്‍ പങ്കാളിത്തമുള്ള കമ്പനിയാണ് എസ്പികെ.