റിയാദ്: സൗദിയിലെ കെട്ടിട വാടക നിരക്ക് ഏകീകരിക്കുന്നതിനും പരിഷ്‌ക്കരിക്കുന്നതിനും സൗദി പാര്‍പ്പിടകാര്യ മന്ത്രാലയം ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കുന്നു. അല്‍ ഈജാര്‍ എന്ന പേരിലുള്ള ഈ സംവിധാനം ആറു മാസത്തിനകം നടപ്പിലാക്കുവാനാണ് മന്ത്രാലയം ഉദേശിക്കുന്നത് .
സൗദിയില്‍ രണ്ടു വര്‍ഷം മുന്‍പ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ കെട്ടിട വാടക ഓണ്‍ലൈനിലൂടെ അടക്കുവാനുള്ള സംവിധാനം ആറു മാസത്തിനുള്ളില്‍ പൂര്‍ണ്ണ രൂപത്തില്‍ നടപ്പിലാക്കുവാനാണു സൗദി പാര്‍പ്പിടകാര്യ മന്ത്രാലയം ആലോചിക്കുന്നത്. രാജ്യത്തെ എല്ലാ റിയല്‍ എസ്റ്റേറ്റ് ഓഫിസുകളെയും അല്‍ ഈജാര്‍ മുഖേന ബന്ധിപ്പിക്കും. കെട്ടിട ഉടമയുടെയും ഉപയോക്താവിന്റെയും അവകാശങ്ങളെയും താത്പര്യങ്ങളും സംരക്ഷിക്കുന്ന രൂപത്തിലുള്ള ഇലക്ട്രോണിക് സംവിധാനമാണിതെന്നും പാര്‍പ്പിടകാര്യ മന്ത്രാലയത്തിലെ അല്‍ ഈജാര്‍ പ്രോഗ്രാം ഉപദേഷ്ടാവ് എന്‍ജിനിയര്‍ മുഹമ്മദ് അല്‍ ബനിയ്യ പറഞ്ഞു.
ഇതിലൂടെ ഇരു വിഭാഗത്തിനും ഇടപാടുകള്‍ക്ക് കൂടുതല്‍ സുതാര്യതയും വേഗതയും ഉറപ്പു വരുത്തുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അല്‍ ഈജാറിലൂടെ കെട്ടിടങ്ങളുടെ വിശദ വിവരങ്ങള്‍ ഓണ്‍ ലൈനിലൂടെ പ്രദര്‍ശിപ്പിക്കുവാനുള്ള സൗകര്യവും ഉണ്ടാവും.
കെട്ടിട വാടക സദാദ് സംവിധാനം മുഖേന അടക്കാനാവും.വൈദ്യുതി ബില്ലും ഈ സംവിധാനത്തില്‍ ഉള്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.
