പിന്തുടര്‍ന്നെത്തിയ പൊലീസ് കാര്‍ പരിശോധിച്ചപ്പോഴാണ് വിവിധ ആളുകളുടെ പേരിലുള്ള എടിഎം കാര്‍ഡുകള്‍ കണ്ടെത്തിയത്. മൂന്ന് ലക്ഷം രൂപയും വാഹനത്തിലുണ്ടായിരുന്നു
പെരിന്തല്‍മണ്ണ: ഉത്തരേന്ത്യന്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്‍റെ ഏജന്റുമാരായ മൂന്ന് പേര്‍ മലപ്പുറം പെരിന്തല്‍മണ്ണയില്‍ പിടിയില്‍. ഇവരില്‍ നിന്ന് 58 എടിഎം കാര്‍ഡുകളും ആറ് ബാങ്ക് പാസ് ബുക്കുകളും കണ്ടെടുത്തു. പെരിന്തല്‍മണ്ണ മാനത്തുമംഗലം സ്വദേശികളായ സക്കീര്‍ ഹുസൈന്‍, മുഹമ്മദ് തസ്ലീം, അബ്ദുള്‍ ബാരിസ് എന്നിവരാണ് പിടിയിലായത്.
ഇന്നലെ വൈകിട്ട് പെരിന്തല്‍മണ്ണ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ ഇവരുടെ കാര്‍ നിര്‍ത്താതെപോയി. പിന്തുടര്‍ന്നെത്തിയ പൊലീസ് കാര്‍ പരിശോധിച്ചപ്പോഴാണ് വിവിധ ആളുകളുടെ പേരിലുള്ള എടിഎം കാര്‍ഡുകള്‍ കണ്ടെത്തിയത്.
മൂന്ന് ലക്ഷം രൂപയും വാഹനത്തിലുണ്ടായിരുന്നു. ഡിവെെഎസ്പി എം.പി. മോഹനചന്ദ്രന്‍റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പിടിയിലായവര്‍ ഉത്തരേന്ത്യന് സംഘത്തിന്‍റെ ഏജന്റുമാരാണെന്ന് വ്യക്തമായത്. പെരിന്തല്‍മണ്ണയിലുള്ള മറ്റ് ആളുകളെ ഉത്തരേന്ത്യന്‍ സംഘം ഫോണില്‍ വിളിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.
ഒരു കോടി രൂപ സമ്മാനമായി അടിച്ചിട്ടുണ്ടെന്നും ഒരു ലക്ഷം രൂപ സര്‍വ്വീസ് ചാര്‍ജായി ഉടന്‍ വേണമെന്നും ആവശ്യപ്പെടും. ഈ തുക പെരിന്തല്‍മണ്ണയിലുള്ള ഏജന്റുമാരുടെ അക്കൗണ്ടിലേക്ക് ഇടാനാണ് ആവശ്യപ്പെടുക. പണം വന്നാല്‍ ഉടന്‍ ചെറിയ കമ്മീഷന്‍ ഏജന്റുമാര്‍ക്ക് നല്‍കി ബാക്കി തുക ഉത്തരേന്ത്യന്‍ സംഘം കൈയ്ക്കലാക്കും.
കേരളത്തിലുടനീളം ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. എത്രപേരെ ഇത്തരത്തില്‍ വഞ്ചിച്ചെന്ന് പരിശോധിച്ച് വരികയാണ്. തട്ടിപ്പിലെ കൂടുതല്‍ കണ്ണികള്‍ക്കായും അന്വേഷണം തുടങ്ങി. എടിഎം കാര്‍ഡ് ഉടമകളായ 58 പേര്‍ക്കും ഈ തട്ടിപ്പില്‍ പങ്കുണ്ടോയെന്ന് പൊലീസിന് വ്യക്തതയില്ല.
ഇവരെ കണ്ടെത്താനുള്ള ശ്രമവും തുടങ്ങി. സാധാരണക്കാരായ ആളുകളുടെ പേരില്‍ ബാങ്ക് അക്കൗണ്ട് എടുത്ത് തട്ടിപ്പിനായി ഉപയോഗിച്ചതാണോയെന്നും പൊലീസ് സംശയിക്കുന്നു.
