ദില്ലി: വിവിധ സോഫ്റ്റ്‍വെയ്റുകള്‍ ഉപയോഗിച്ച് റെയില്‍വെയുടെ തത്കാല്‍ ബുക്കിങ് സംവിധാനം അട്ടിമറിക്കുന്ന സംഘങ്ങള്‍ രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സി.ബി.ഐ കണ്ടെത്തി. നിരവധി ഇത്തരം സോഫ്‍റ്റ്‍വെയറുകളും ഇത് വികസിപ്പിച്ചെടുത്ത ഡെവലപ്പര്‍മാരും ഉപയോഗിക്കുന്നവരുമെല്ലാം നിരീക്ഷണത്തിലാണെന്നും ഇവര്‍ക്കെതിരെ അധികം വൈകാതെ ശക്തമായ നടപടിയുണ്ടാകുമെന്നും അറിയിച്ചു.
തത്കാല്‍ ടിക്കറ്റ് വിതരണ സംവിധാനം അട്ടിമറിക്കുന്നതിനായി സോഫ്റ്റ്‍വെയര്‍ തയ്യാറാക്കിയ അജയ് ഗാര്‍ഗ് എന്നയാളെ പിടികൂടിയതോടെയാണ് ഇത്തരക്കാരിലേക്ക് സി.ബി.ഐയുടെ അന്വേഷണം നീണ്ടത്. തത്കാല്‍ ബുക്കിങ് വേഗത്തിലേക്കുകയും നിരവധിപ്പേര്‍ക്ക് വേണ്ട ടിക്കറ്റുകള്‍ ഒറ്റയടിക്ക് ബുക്ക് ചെയ്യുന്നതിനും സഹായിക്കുന്ന പ്രോഗ്രാമുകളാണ് തയ്യാറാക്കിയിരിക്കുന്നത്. പലരും ഇത്തരം പ്രോഗ്രാമുകള്‍ തയ്യാറാക്കി ട്രാവല്‍ ഏജന്‍സികള്‍ക്ക് വില്‍ക്കുന്നതായും വ്യക്തമായിട്ടുണ്ട്. ടിക്കറ്റ് എടുക്കേണ്ട വ്യക്തികളുടെ വിവരങ്ങള്‍ നേരത്തെ തന്നെ ശേഖരിച്ച് വെയ്‌ക്കുന്നതാണ് സോഫ്റ്റ്‍വെയറുകള്‍. ഐ.ആര്‍.സി.ടി.സി വെബ്‍സൈറ്റില്‍ തത്കാല്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുമ്പോള്‍ തന്നെ പ്രോഗ്രാമുകള്‍ അതിവേഗം വിവരങ്ങള്‍ സൈറ്റിലേക്ക് നല്‍കി ടിക്കറ്റ്ബുക്ക് ചെയ്യും. ക്യാപ്ച കോഡ് പോലെ ബുക്കിങ് സമയം വൈകിപ്പിക്കുന്ന പ്രതിബന്ധങ്ങള്‍ ഒഴിവാക്കാനുള്ള സംവിധാനങ്ങളും ഇത്തരം സോഫ്റ്റ്‍വെയറുകളിലുണ്ട്. അതുകൊണ്ടുതന്നെ വളരെ വേഗം ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും.
രാവിലെ 10 മണിക്ക് എ.സി ക്ലാസുകളിലേക്കും 11 മണിക്ക് നോണ്‍ എ.സി ക്ലാസുകളിലേക്കുമുള്ള ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിക്കും. സാധാരണക്കാര്‍ക്ക് ഈ സമയത്ത് ടിക്കറ്റ് കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണ്. തിരക്കുള്ള സമയങ്ങളില്‍ മിനിറ്റുകള്‍ക്കകം എല്ലാ ടിക്കറ്റുകളും വിറ്റു തീരാറാണ് പതിവ്. സാധാരണഗതിയില്‍ ഒരാള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ തന്നെ അഞ്ച് മിനിറ്റോളം സമയം വേണമെന്നിരിക്കെ സെക്കന്റുകള്‍ കൊണ്ട് ടിക്കറ്റ് തീരുന്നത് നേരത്തെ തന്നെ റെയില്‍വെയുടെ സംശയത്തിനിടയാക്കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നുള്ള അന്വേഷണങ്ങളാണ് സോഫ്റ്റ്‍വെയറുകള്‍ വികസിപ്പിക്കുന്നവരിലേക്ക് എത്തിയിരിക്കുന്നത്.
റെയില്‍വെ റിസര്‍വേഷന്‍ സംവിധാനത്തിലേക്ക് അനധികൃതമായി കടന്നുകയറി ഇങ്ങനെ ടിക്കറ്റെടുക്കുന്നത് നിയമപ്രകാരം കുറ്റകരമാണെന്നും ഇതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ട്രാവല്‍ ഏജന്‍സികളാണ് വ്യക്തിഗത അക്കൗണ്ടുകള്‍ ഉണ്ടാക്കി ഇത്തരത്തില്‍ ടിക്കറ്റ് മറിച്ചുവില്‍ക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്.
