ഓണ്‍ലൈന്‍ ടാക്‌സികളുടെ വരവിന് ശേഷം തലസ്ഥാനത്ത് ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത കഴക്കൂട്ടം ടെക്‍നോപാര്‍ക്കിന് മുന്നില്‍ നിന്നാണ് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം തുടങ്ങിയ്ത്. യാത്രക്കായി ഓണ്‍ലൈന്‍ ടാക്‌സിയെ വിളിച്ചു. നിമിഷങ്ങള്‍കൊണ്ട് കാറെത്തി. പക്ഷെ വണ്ടിയില്‍ കയറാന്‍ അവിടെയുണ്ടായിരുന്ന ഓട്ടോ റിക്ഷ ഡ്രൈവര്‍മാര്‍ സമ്മതിച്ചില്ല. ഏറെ നേരത്തെ തര്‍ക്കത്തിനൊടുവില്‍ വാഹനത്തെ മടക്കി അയക്കേണ്ടിവന്നു.
ഇത് ഒരിടത്ത് മാത്രമാണോ എന്നായി അടുത്ത അന്വേഷണം. ടെക്നോ പാര്‍ക്കിന്റെ ഫേസ് ഒന്നിന് മുന്നില്‍ നിന്ന് വീണ്ടും യാത്രപോകാന്‍ ശ്രമിച്ചു. കോവളത്തേക്ക് യാത്രപോകണമെന്നാവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികളെയാണ് ആദ്യം സമീപിച്ചത്. 450 രൂപയാണ് യാത്രാക്കൂലിയായി പറഞ്ഞത്. തുക കൂടുതലാണെന്നും ഓണ്‍ലൈന്‍ ടാക്‌സിയെ വിളിക്കുമെന്നും പറഞ്ഞപ്പോള്‍ അമ്പത് രൂപ കുറക്കാമെന്ന് ഓട്ടോക്കാരന്‍ പറഞ്ഞു. ഇതേ ദൂരം ഓണ്‍ലൈന്‍ ടാക്‌സിയില്‍ സഞ്ചരിച്ചതിന് ചെലവായത് 260 രൂപ മാത്രമായിരുന്നു. നാല് മാസത്തിനിടയില്‍ ഓണ്‍ലൈന്‍ ടാക്സികളെ ആക്രമിച്ചതിന് തലസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 40 കേസുകളാണ്. തമ്പാനൂര്‍, കഴക്കൂട്ടം പോലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ കൂടുതല്‍.
വളരെ ചെറിയ ദൂരത്തേക്ക് പോലും വലിയ നിരക്കാണ് പരമ്പരാഗത ഓട്ടോ-ടാക്സി തൊഴിലാളികള്‍ ഈടാക്കുന്നത്. ഓണ്‍ലൈന്‍ ടാക്‌സികളുടെ ഈ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് പരമ്പരാഗത ഓട്ടോ തൊഴിലാളികള്‍. ഓട്ടോ, ടാക്‌സികള്‍ക്കായി അനുവദിച്ച സ്ഥലങ്ങളില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ കയറുന്നതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് ഇവര്‍ പറയുന്നത്. വിലക്കുറവും മെച്ചപ്പെട്ട സേവനവുമാണ് ജനം ആഗ്രഹിക്കുന്നത്. ഓണ്‍ലൈന്‍ ടാക്‌സികള്‍ സ്വീകരിക്കപ്പെടുന്നതും ഇക്കാരണത്താലണ്.
