ദില്ലി: മഴകോട്ട് അണിഞ്ഞ് കുളിക്കുന്ന വിദ്യ പഠിച്ചയാളാണ് മൻമോഹൻസിംഗ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ ആരോപിച്ചു. നന്ദിപ്രമേയചർച്ചയ്ക്കുള്ള മറുപടിയിലെ ഈ പരാമർശത്തെ തുടർന്ന് കോൺഗ്രസ് സഭ ബഹിഷ്ക്കരിച്ചു. മോദിയുടെ പരാമർശത്തോട് പ്രതികരിക്കുന്നില്ലെന്ന് മൻമോഹൻസിംഗ് പറഞ്ഞു
നോട്ട് അസാധുവാക്കൽ സംഘടിത കൊള്ളയും നിയമവിധേയമായ പിടിച്ചുപറിയുമാണെന്ന് മൻമോഹൻസിംഗ് പറഞ്ഞതിന് തിരിച്ചടി നല്കിക്കൊണ്ടാണ് പ്രധാനമന്ത്രി നന്ദിപ്രമേയ പ്രസംഗം തുടങ്ങിയത്. ആരെങ്കിലും എഴുതുന്ന പുസ്തകങ്ങൾക്ക് അവതാരിക എഴുതുന്ന ആള് മാത്രമാണ് മൻമോഹൻ എന്ന് ആദ്യ പരിഹാസം. നാല്പത് വർഷമായി രാജ്യത്ത് അധികാരസ്ഥാനങ്ങളിൽ കയറിക്കൂടുന്ന മൻമോഹൻ തന്റെ കാലത്ത നടന്ന കൂംഭകോണങ്ങളിൽ നിന്ന് പോറൽ ഏല്ക്കാതെ രക്ഷപ്പെടാനുള്ള വിദ്യ പഠിച്ചയാളെന്നായിരുന്നു അടുത്ത പരാമർശം
ഇതോടെ കോൺഗ്രസ് നടുത്തളത്തിലേക്ക് നീങ്ങി. പിന്നീട് സഭ ബഹിഷ്ക്കരിച്ചു. ആദ്യം എണീക്കാതിരുന്ന മൻമോഹൻസിംഗിനെ കോൺഗ്രസ് നേതാക്കൾ വിളിച്ചു കൊണ്ടു പോയി. ഈ ബഹിഷ്ക്കരണത്തോട് പ്രധാനമന്ത്രി രോഷത്തോടെ പ്രതികരിച്ചു
മോദിയുടെ പരാമർശത്തോട് മൻമോഹൻസിംഗ് പ്രതികരിച്ചില്ല. പ്രധാനമന്ത്രിക്ക് ചേരാത്ത ഭാഷയിലാണ് മോദി സംസാരിച്ചതെന്ന കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി കോൺഗ്രസിന്റെ അഭാവത്തിൽ പ്രതിപക്ഷ ഭേദഗതികൾ തള്ളിയാണ് നന്ദിപ്രമേയം പാസ്സാക്കിയത്. ഇടതുപക്ഷവും തൃണമൂലും വോട്ടെടുപ്പിന് തൊട്ടുമുന്പ് ഇറങ്ങിപോയി
