തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അതികായരിലൊരാളായ ഉമ്മൻചാണ്ടി ഇനി കൈക്കൂലി വാങ്ങിയതിൽ വിജിലൻസ് കേസും ബലാത്സംഗം നടത്തിയെന്ന പരാതിയിൽ ക്രിമിനൽ കേസും നേരിടണം. വേങ്ങര ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ പ്രഖ്യാപിച്ച സോളാറിലെ തുടർകേസുകൾ ഉമ്മൻചാണ്ടിയെ കടുത്ത പ്രതിരോധത്തിലാക്കി. കേസുകൾ കൊണ്ട് തളർത്താനാകില്ലെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം.

സോളാർച്ചൂടിൽ പൂർണ്ണമായും പ്രതിക്കൂട്ടിലായി ഉമ്മൻചാണ്ടി. ഉമ്മൻചാണ്ടി സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിന്മേൽ ഉമ്മൻചാണ്ടിക്കെതിരെ തന്നെ വരുന്നത് ഗുരുതരകേസുകൾ. സോളാ‌ർ കാലത്ത് കേട്ട ആരോപണങ്ങളെല്ലാം കേസായി മാറുന്നു.

കെപിസിസി പുനസംഘടന അവസാനഘട്ടത്തിലെത്തിനിൽക്ക വന്ന സോളാർ തുട‍ർനടപടി ഉമ്മൻചാണ്ടിയെ മാത്രമല്ല എ ഗ്രൂപ്പിനെയും വെട്ടിലാക്കി. സ്ഥാനമൊന്നും ഏറ്റെടുക്കാതെ നിൽക്കുന്ന ഉമ്മൻചാണ്ടി പ്രസിഡണ്ടാകണമെന്നാണ് പാർട്ടിയലെ ഭൂരിപക്ഷം ആവശ്യപ്പെടിരുന്നത്. ഉമ്മൻചാണ്ടിയില്ലെങ്കിൽ ഗ്രൂപ്പ് മുന്നോട്ട് വെച്ച നേതാക്കളായ തിരുവഞ്ചൂരും ബെന്നി ബെഹനനും കൂടി സോളാറിലെ കേസിൽ കുരുങ്ങി.

പാർട്ടിയിലെ ഗ്രൂപ്പ് പോരിനും സോളാർ വീണ്ടും ചൂട് പകരുമെന്നതിൽ സംശയം ഒട്ടുമില്ല. മുൻമുഖ്യമന്ത്രിക്കെതിരായ അഴിമതി ലൈംഗിക കേസുകൾ ദേശീയതലത്തിലും കോൺഗ്രസ്സിനെ സമ്മർദ്ദത്തിലാക്കും.മന:സാക്ഷിയുടെ കോടതിയിൽ തെറ്റുകാരനല്ലെന്ന പ്രതിരോധമുയർത്തിയാണ് ഇന്നും എന്നും ഉമ്മൻചാണ്ടി സോളാർ വിവാദങ്ങളെ നേരിട്ടത്. സോളാറിലെ തുടർ നിയമ-രാഷ്ട്രീയപ്പോരിൽ ഈ നേതാവിന്റെ രാഷ്ട്രീയഭാവി എന്തായിരിക്കുമെന്നുള്ളത് കാത്തിരുന്ന് കാണാം...