ഡിസിസി പുനസംഘടനയിലെ അതൃപ്തി മൂലം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദില്ലി യാത്ര റദ്ദാക്കി. കേരളത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രടറിയെ കണ്ട് ആവശ്യപ്പെട്ടു.

നോട്ട് അസാധുവാക്കിയ പ്രശ്‌നത്തില്‍ ദില്ലിയില്‍ പോയി പ്രതിഷേധിക്കണമെന്ന നിര്‍ദ്ദേശം യുഡിഎഫ് യോഗത്തില്‍ ഉന്നയിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവസാനനിമിഷമാണ് ദില്ലി യാത്ര റദ്ദാക്കിയത്. വയനാട്ടിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനാലാണിതെന്നാണ് വിശദീകരണം. എന്നാല്‍ ഡിസിസി പുനസംഘടനയില്‍  ഉമ്മന്‍ചാണ്ടിക്ക് കനത്ത തിരിച്ചടി നല്‍കുന്ന ലിസ്റ്റാണ് പുറത്ത് വന്നത്. പ്രതീക്ഷിച്ച കൊല്ലം ജില്ല പോലും ലഭിച്ചില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഉമ്മന്‍ചാണ്ടി ദില്ലി യാത്ര റദ്ദക്കിയത്. സംഘടനാതെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. ഇക്കാര്യം എ ഗ്രൂപ്പ് നേതാക്കള്‍ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനെ കണ്ട് ആവശ്യപ്പെട്ടു എം എം ഹസ്സന്‍ കെസി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരാണ് മുകുള്‍ വാസ്‌നിക്കിനെ കണ്ടത്

കെപിസിസി എഐസിസി പുനസംഘടനയില്‍ അര്‍ഹമായ പ്രതിനിധ്യം ലഭിച്ചില്ലെങ്കില്‍ അണികളെ ഒപ്പം നിര്‍ത്തുക എ ഗ്രൂപ്പിന് ബുദ്ധിമുട്ടിലാകും. ഈ സാഹചര്യത്തിലാണ് സംഘടനതെരഞ്ഞെടുപ്പ് എന്ന ആവശ്യം ശക്തമാക്കാന്‍ ഗ്രൂപ്പ് തീരുമാനിച്ചു.