കൊച്ചി: യുഡിഎഫിന്‍റെ ജനകീയ മെട്രോ യാത്രയ്ക്ക് എതിരെ നടപടി എടുക്കാനൊരുങ്ങി കൊച്ചി മെട്രോ അധികൃതർ. യുഡിഎഫ് പ്രവർത്തകർ സംഘടിച്ചെത്തി യാത്ര നടത്തിയത് മെട്രോ ചട്ടങ്ങൾക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടാണ് കെഎംആൽഎൽ നടപടിയ്ക്ക് ഒരുങ്ങുന്നത്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടത്തിയ ജനകീയ മെട്രോ യാത്രയിൽ കൊച്ചി മെട്രോ സംവിധാനങ്ങൾ താറുമാറായിരുന്നു.
മെട്രോ ഉദ്ഘാടനച്ചടങ്ങും ആദ്യയാത്രയും രാഷ്ട്രീയവത്കരിച്ചതിൽ പ്രതിഷേധിച്ചായിരുന്നു യുഡിഎഫിന്‍റെ മെട്രോ യാത്ര. എന്നാൽ പ്രവർത്തകർ കൂട്ടമായി മുദ്രാവാക്യം വിളിച്ചും പ്രകടനമായും ആലുവയിലെയും പാലാരിവട്ടെത്തെയും സ്റ്റേഷനിലെത്തിയതോടെ സുരക്ഷ സംവിധാനങ്ങൾ താറുമാറായി. ടിക്കറ്റ് സ്കാൻ ചെയ്ത് മാത്രം പ്ലാറ്റ്ഫോമിലേക്ക് കടത്തിവിടേണ്ട ഓട്ടോമാറ്റിക് ടിക്കറ്റ് ഗേറ്റുകൾ തിരക്ക് നിമിത്തം തുറന്നിടേണ്ടിയും വന്നു. യാത്രയ്ക്കിടെ മെട്രോ ട്രെയിനിൽ വച്ചും പ്രവർത്തകർ മുദ്രാവാദ്യം വിളിച്ചു.
മെട്രോ ചട്ടം അനുസരിച്ച് ട്രെയിനിലും സ്റ്റേഷൻ പരിസരത്തും പ്രകടനം നടത്തുന്നത് ആയിരം രൂപ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ 500 രൂപ പിഴയും നൽകണം. ജനകീയ യാത്രയ്ക്കിടെ സാധാരണ യാത്രക്കാർക്ക് പ്ലാറ്റ്ഫോമിൽ നിൽക്കാൻ പോലും ഇടംലഭിച്ചിരുന്നില്ല. തിരക്ക് നിമിത്തം ഉമ്മൻചാണ്ടിക്ക് ചെന്നിത്തലയ്ക്കൊപ്പം ട്രെയിനിൽ കയറാനുമായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് കുറ്റക്കാർക്ക് എതിരെ നടപടി എടുക്കാൻ കെഎംആർഎൽ ഒരുങ്ങുന്നത്. എന്നാൽ ഇതിന് മുന്‍പ് ജനകീയ മെട്രോ യാത്ര സംഘാടകരോട് കെഎംആൽഎൽ വിശദീകരണം തേടും. ഇതിന് ശേഷം ട്രെയിനിലെയും സ്റ്റേഷനിലെയും വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കുറ്റക്കാർക്ക് എതിരെ നടപടി എടുക്കും.
