കേരള കോൺഗ്രസിന്റെ മഹാസമ്മേളനത്തിന് ദിവസങ്ങൾ ബാക്കി നിൽക്കേ മാണിയെ പിന്തുണച്ച് ഉമ്മൻചാണ്ടി രംഗത്തെത്തി. കേരള കോൺഗ്രസിനെ സിപിഐ തള്ളിയതിന് പിന്നാലെയാണ് മാണി ഗ്രൂപ്പിന് സ്വയം യുഡിഎഫിലേക്ക് വരാമെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കിയത്.

മാണി ഗ്രൂപ്പിനെ തൈലം പൂശി സ്വീകരിക്കേണ്ട സാഹചര്യം എൽഡിഎഫിനില്ലെന്ന സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനക്ക് മുന്നണി പ്രവേശനം തീരുമാനിക്കേണ്ടത് കുശിനിക്കാരനല്ലെന്ന മറുപ്രസ്താവന ഡോ എൻ ജയരാജിനെ കൊണ്ട് കേരള കോൺഗ്രസ് നടത്തിയെങ്കിലും പാ‍ർട്ടിയുടെ എൽഡിഎഫ് പ്രവേശനം സങ്കീർണ്ണമാണ്. സിപിഐയുടെ ഉറച്ച നിലപാടും ബാർ കേസും സോളാർ കേസുമൊക്കെ ഇതിന് തടസങ്ങളാണ് അടുത്തയാഴ്ച നടക്കുന്ന മഹാസമ്മേളനത്തിൽ മുന്നണിപ്രവേശനം സംബന്ധിച്ച പ്രഖ്യാപനമുണ്ടാകില്ലെങ്കിലും സമ്മേളനത്തിന് ശേഷം ഇക്കാര്യത്തിൽ നേതാക്കൾക്ക് വ്യക്തത വരുത്തേണ്ടി വരും. കേരളകോൺഗ്രസിനെ സിപിഐ തള്ളിപ്പറഞ്ഞതിന് പിന്നാലെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി മാണിഗ്രൂപ്പിനെ പിന്തുണച്ച് രംഗത്തെത്തിയത്.

കേരള കോൺഗ്രസിന് മുന്നിൽ വാതിൽ അടച്ചിട്ടില്ലെന്ന് വ്യക്തമാക്കി പാർട്ടിയുടെ യുഡിഎഫ് പ്രവേശനം വീണ്ടും സജീവമാക്കുകയാണ് ഉമ്മൻചാണ്ടി. മാണി വരുന്നതിനോട് രമേശ് ചെന്നിത്തലക്കും എതിർപ്പില്ല. കേരളകോൺഗ്രസിനെ മുന്നണിയിൽ കൊണ്ടുവരാൻ മധ്യസ്ഥശ്രമത്തിന് മുസ്ലീംലീഗ് തയ്യാറാണ്. പക്ഷെ ഇക്കാര്യത്തിൽ കെ എം മാണിയാണ് ആദ്യം പച്ചക്കൊടി കാണിക്കേണ്ടത്.