തിരുവനന്തപുരം: ദിനരാത്രങ്ങള്‍ കടന്നു പോകും, മഴവരും വെയില്‍വരും. ഭരണകൂടങ്ങള്‍ മാറിമറിയും. കാര്യങ്ങള്‍ അതിന്റെ വഴിക്ക് നടക്കും. എന്നാല്‍ ചില ജീവിതങ്ങള്‍ ഒരു നോവായി മുറിവായി ഉണങ്ങാതെ നമ്മേ അലോസരപ്പെടുത്തിക്കോണ്ടേയിരിക്കും.
അത്തരമൊരു ജീവിതമാണ് ശ്രീജിത്തിന്റെത്. ഏതൊരു സാധാരണ മലയാളി യുവാവിന്റെത് പോലെയായിരുന്നു ശ്രീജിത്തിന്റെയും ജീവിതവും. അമ്മ, ചേട്ടന്‍, അനിയന്‍, സന്തോഷം. സന്തുഷ്ടം. പക്ഷേ, ഒരു ജീവിതത്തിന്റെ ഗതി മാറാന്‍ അധികനേരം വേണ്ട. അനിയന്റെ പ്രണയം അവനെ മരണത്തിലേക്ക് കൂട്ടികൊണ്ടു പോയപ്പോള്‍ ഭരണകൂടം തന്നെയായിരുന്നു കുറ്റവാളി.
നിയമപാലകര്‍ കുറ്റവാളികളായി തീരുമ്പോള്‍ നീതി എന്നത് പൗരന് അര്‍ത്ഥമില്ലാത്ത വെറും വാക്ക് മാത്രമായിതീരുന്നു. അതെ അതിന്റെ നേര്‍സാക്ഷ്യമാണ് തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നില്‍ 765 ദിവസമായി ശ്രീജിത്ത് നടത്തുന്ന നിരാഹാര സമരം.
അടിവസ്ത്രത്തില്‍ ഇല്ലാതിരുന്ന വിഷം കഴിച്ചും ഉരുണ്ടും നമ്മുടെ പോലീസ് സ്‌റ്റേഷനില്‍ യുവാക്കള്‍ മരിച്ചു വീഴുന്നതിന് തുടര്‍ച്ചകളുണ്ടാകുന്നുവെങ്കില്‍ അതിന് ഉത്തരവാദി ജീവിച്ചിരിക്കുന്ന, അരിയാഹാരം കഴിക്കുന്ന നമ്മളൊക്കെയാണ്. നീതി നിഷേധിക്കുന്നവന് അത് ലഭിക്കുന്നില്ലെങ്കില്‍ ആ സമൂഹത്തിന് കാര്യമായ രോഗം ബാധിച്ചിട്ടുണ്ടെന്നതിന് മറ്റൊരു തെളിവാവശ്യമില്ല.
അതെ ആ രോഗത്തെ ചികിത്സിക്കാന്‍ തന്നെയാണ് ശ്രീജിത്ത് ആവശ്യപ്പെടുന്നതും. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. പ്രണയത്തിന്റെ പേരില്‍ പോലീസുകാരുടെ കൈകളാല്‍ പിടഞ്ഞ് മരിക്കേണ്ടിവന്ന സ്വന്തം അനുജന് നീതികിട്ടണം. ' എല്ലാം ശരിയാക്കും ' എന്നത് വെറും പരസ്യവാചകമല്ലെന്ന് തെളിയിക്കുവാനുള്ള ബാധ്യത, അതെ പരസ്യത്തെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് വിജയിച്ച രാഷ്ട്രീയ പാര്‍ട്ടിക്കുണ്ട്. എതിരാളിയുടെ സ്വകാര്യതകളെ പൊതു നിരത്തില്‍ വലിച്ചിഴച്ചാണോ പ്രതിരോധങ്ങള്‍ തീര്‍ക്കേണ്ടതെന്ന് പ്രതിപക്ഷവും ആലോചിക്കണം.
പോലീസ് എന്നത് 'കാവലന്‍' ആണോ അതോ ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന കുറ്റവാളി സംഘമാണോയെന്ന് വ്യക്തമാക്കാനുള്ള ബാധ്യത പോലീസിന്റെ അധികാരം കൈയാളുന്ന മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും ഒരുപോലെയുണ്ട്. ആരും ഈ നിതീ നിഷേധകുറ്റത്തിന് പുറത്തല്ല. നാമെല്ലാം ഉത്തരവാദികളാണ്. നീതി രാജ്യത്തെ ഓരോ പൗരനും അവകാശപ്പെട്ടതാണ്, ശ്രീജിത്തിനും. ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്.

