തലവരിപ്പണത്തിലൂന്നിയായിരുന്നു പ്രതിപക്ഷത്തിന്റെ ഇന്നത്തെ വിമര്‍ശനം. മാനേജ്മെന്റുകള്‍ക്ക് ഇഷ്‌ടം പോലെ കോഴവാങ്ങാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നുവെന്നും കോഴയെകുറിച്ചുള്ള പരാതികളും വാര്‍ത്തകളും ഉയരുമ്പോഴും നടപടി എടുക്കുന്നില്ല എന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. അതിര്‍ത്തിയിലെ സൈനിക നടപടിക്ക് മുമ്പ് മറ്റ് കക്ഷികളുമായി ആലോചന നടത്തിയ പ്രധാനമന്ത്രിയുടെ ജനാധിപത്യബോധത്തിന്റെ മൂന്നിലൊന്ന് പോലും മുഖ്യമന്ത്രി പിണറായി വിജയനില്ലെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ വി.ടി ബല്‍റാം പറഞ്ഞു.
കോഴ തടയാനാണ് ശ്രമിച്ചതെന്ന് ആവര്‍ത്തിച്ച സര്‍ക്കാര്‍, സ്വാശ്രയ കോളേജുകളിലും പരിയാരത്തും ഈ വര്‍ഷം ഇനി ഫീസ് കുറക്കാനാകില്ലെന്ന് വ്യക്തമാക്കി, പരിയാരം മെഡിക്കല്‍ കോളേജ് ഉടന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ചോദ്യങ്ങള്‍ മറ്റ് വിഷയങ്ങളിലായിരുന്നെങ്കിലും പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങളെല്ലാ സ്വാശ്രയപ്രശ്നം സംബന്ധിച്ചതായിരുന്നു. പ്രശ്നം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പിന്നെ പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു. ഈ വിഷയത്തില്‍ പ്രതിപക്ഷത്തിനൊപ്പമാണെന്ന നിലപാട് വ്യക്തമാക്കി കേരളാ കോണ്‍ഗ്രസ് എം അധ്യക്ഷന്‍ കെ.എം മാണിയും സര്‍ക്കാറിനെതിരെ രംഗത്തെത്തി.
സമരത്തോട് മുഖ്യമന്ത്രി മുഖം തിരിഞ്ഞുനില്‍ക്കുന്നുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയപ്പോള്‍ ഇന്നലെ സ്‌പീക്കര്‍ വിളിച്ച ചര്‍ച്ച താന്‍ അറിഞ്ഞില്ലെന്ന് പിണറായി പറഞ്ഞതും വിവാദമായി. കക്ഷിനേതാക്കളുടെ ചര്‍ച്ചയായിരുന്നില്ല നടന്നതെന്ന് ഒടുവില്‍ സ്‌പീക്കര്‍ വിശദീകരിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെ നിരാഹാരസമരം നടത്തുന്ന പ്രതിപക്ഷ എം.എല്‍.എമാരെ വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു.
