കേസ് സിബിഐക്ക് വിട്ടാൽ കുടുങ്ങുമെന്ന പേടി മൂലമാണ് സിപിഎം സിബിഐ അന്വേഷണത്തെ ഭയക്കുന്നത്. കൊലപാതകികൾക്ക് വീരപരിവേഷം നൽകുന്ന നിലപാടാണ് സിപിഎമ്മിനെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി

തൃശൂർ: കാസർകോട് ഇരട്ടക്കൊലപാതക കേസിലെ പൊലീസ് അന്വേഷണത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

കേസിൽ കൂടുതൽ തെളിവ് ശേഖരിക്കാനോ കൂടുതൽ പ്രതികളെ പിടികൂടാനോ പൊലീസ് ശ്രമിക്കുന്നില്ല. കൊലപാതകത്തിലെ കണ്ണൂർ ബന്ധം അന്വേഷിക്കാൻ പൊലീസ് ഇതുവരെയും തയ്യാറായിട്ടില്ല. പൊലീസിന്‍റെ അലംഭാവം മൂലം കേസന്വേഷണം നിലച്ച മട്ടിലാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

കൊലപാതകത്തിൽ നിഷ്പക്ഷമായ അന്വേഷണം നടക്കണമെങ്കിൽ കേസ് സിബിഐയ്ക്ക് വിടണം. സർക്കാർ എന്തിനാണ് സി ബി ഐ അന്വേഷണത്തെ ഭയപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

കേസ് സിബിഐക്ക് വിട്ടാൽ കുടുങ്ങുമെന്ന പേടി മൂലമാണ് സിപിഎം സിബിഐ അന്വേഷണത്തെ ഭയക്കുന്നത്. കൊലപാതകികൾക്ക് വീരപരിവേഷം നൽകുന്ന നിലപാടാണ് സിപിഎമ്മിനെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീട്ടുകാർക്ക് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരിച്ച് നൽകുമെന്നും രമേശ് ചെന്നിത്തല തൃശൂരിൽ പറഞ്ഞു