''മോദി, നമ്മുടെ സൈനികർക്ക് വേണ്ടിയാണ് ഒരേ റാങ്ക് ഒരേ പെൻഷൻ പദ്ധതി നടപ്പിലാക്കിയത്. എന്നാൽ കോൺഗ്രസും അതേ രീതിയിൽ ഒആർഒപി പിന്തുടരുന്നുണ്ട്. അത് ഒൺലി രാഹുൽ, ഒൺലി പ്രിയങ്ക ആണെന്ന് മാത്രം.'' അമിത് ഷാ പറഞ്ഞു.
ഹിമാചല്‍പ്രദേശ്: ഒരേ റാങ്ക് ഒരേ പെൻഷൻ പദ്ധതി (OROP) എന്നത് കോൺഗ്രസിനെ സംബന്ധിച്ച് ഒൺലി രാഹുൽ, ഒൺലി പ്രിയങ്ക ആണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും സഹോദരി പ്രിയങ്ക ഗാന്ധിയെയും ലക്ഷ്യമാക്കിയാണ് അമിത് ഷാ ഇത്തരമൊരു പരിഹാസ വ്യാഖ്യാനം ഒആർഒപിയ്ക്ക് നൽകിയത്. ഹിമാചൽപ്രദേശിൽ ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ.
മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് സേനാ വിഭാഗത്തിലെ ഒരേ റാങ്കിലുള്ള സൈനികർക്ക് ഒരേ പെൻഷൻ പദ്ധതി പ്രാവർത്തികമാക്കിയത്. കഴിഞ്ഞ എഴുപത് വർഷങ്ങളിലായി സൈനികരെ ആരും തിരിഞ്ഞു നോക്കിയിട്ടില്ല. മോദി, നമ്മുടെ സൈനികർക്ക് വേണ്ടിയാണ് ഒരേ റാങ്ക് ഒരേ പെൻഷൻ പദ്ധതി നടപ്പിലാക്കിയത്. എന്നാൽ കോൺഗ്രസും അതേ രീതിയിൽ ഒആർഒപി പിന്തുടരുന്നുണ്ട്. അത് ഒൺലി രാഹുൽ ഒൺലി പ്രിയങ്ക ആണെന്ന് മാത്രം അമിത് ഷാ പറഞ്ഞു.
ഉനയിൽ പാർട്ടി പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് കോൺഗ്രസിനെതിരെ അമിത് ഷാ പരിഹാസ വാക്കുകൾ ഉന്നയിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ഉത്തർപ്രദേശിൽ പാർട്ടി ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചത്. ഈ നിയമനം വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും സമ്മിശ്ര പ്രതികരണത്തിന് കാരണമായിരുന്നു.
