കൊച്ചി: പ്രായ പൂർത്തിയാകാത്ത വിദ്യാർത്ഥികളെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ യത്തീംഖാന അധ്യാപകൻ പൊലീസിൽ കീഴടങ്ങി. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് സൈഫുദ്ദീനാണ് എറണാകുളം കല്ലൂർക്കാട് പൊലീസിൽ കീഴടങ്ങിയത്. കഴിഞ്ഞ വ‌ർഷം ആഗസ്റ്റിൽ ആണ് കേസിനാസ്പദമായ സംഭവം.

യത്തീംഖാന അധ്യാപകനായ മുഹമ്മദ് സൈഫുദീൻ സ്ഥാപനത്തിൽ പഠിക്കുന്ന ആറ് ആൺകുട്ടികളെ ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. വിദ്യാർത്ഥികളെ ആഗസ്റ്റ് മുതൽ നവംബർ വരെയുള്ള കാലയളവിൽ ഇയാൾ ഒന്നിലേറെ തവണ പീഡനത്തിനിരയാക്കി. നവംബറിൽ കുട്ടികൾ ചൈൽഡ് ലൈനിൽ അറിയിച്ചതോടെയാണ് പീ‍‍‍‍ഡനവിവരം പുറത്തറിഞ്ഞത്.തുടർന്ന് പൊലീസ് കേസ് എടുത്തെങ്കിലും മുഹമ്മദ് സൈഫുദ്ദീൻ ഒളിവിൽ പോയി.

ഇയാൾക്കായി സ്വദേശമായ ലക്ഷ്വദ്വീപിലും പൊലീസ് അന്വേഷണം നടത്തി. എന്നാൽ പൊലീസിനെ വെട്ടിച്ച് ഇയാൾ പല ജില്ലകളിലായി ഒളിവിൽ പാർത്തു.ഒടുവിൽ രണ്ട് മാസത്തിന് ശേഷം പൊലീസിൽ കീഴടങ്ങുകയായിരുന്നു.പ്രതി അറസ്റ്റിലായതോടെ യത്തീം ഖാന അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി. മുഹമ്മദ് സൈഫുദീനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കോതമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.