യാക്കോബായ- ഓര്‍ത്തഡോക്സ് സഭാ തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാറിന്‍റെ സഹായം തേടുമെന്ന് ഓര്‍ത്തഡോക്സ് സഭ. 

തിരുവനന്തപുരം: യാക്കോബായ- ഓര്‍ത്തഡോക്സ് സഭാ തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാറിന്‍റെ സഹായം തേടുമെന്ന് ഓര്‍ത്തഡോക്സ് സഭ. സംസ്ഥാന സര്‍ക്കാര്‍ നീതി നിഷേധിക്കുന്നുവെന്ന പ്രമേയം പള്ളികളില്‍ വായിച്ചു. പ്രതിഷേധ പ്രമേയത്തിന്‍റെ പകര്‍പ്പ് കേന്ദ്രത്തിനയക്കുമെന്ന് ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് പൗലോസ് ദ്വിതിയന്‍ കതോലിക്കാ ബാവ പറഞ്ഞു. 

മാറി മാറി വന്ന സർക്കാരുകൾ നീതി നടപ്പാക്കാൻ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സർക്കാർ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും ക്ഷമ ബലഹീനതയായി കാണരുതെന്നും ബാവ വിമർശിച്ചു. പിറവം പളളിയുടെ കാര്യത്തിലടക്കം തങ്ങൾക്കനുകൂലമായ സുപ്രീംകോടതി വിധി സർക്കാർ നടപ്പാക്കണമെന്നാണ് ഓർത്ത‍ഡോക്സ് സഭയുടെ ആവശ്യം. എന്നാൽ സർക്കാർ ഇടപെട്ട് സമവായ ചർച്ച വേണമെന്നാണ് യാക്കോബായ വിഭാഗത്തിന്‍റെ ആവശ്യം.