കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം വളരെ ചെറുതാണെന്ന് പരിഹാസം

കണ്ണൂര്‍: ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ പ്രതികരണവുമായി സിപിഎം നേതാവ് പി ജയരാജന്‍ രംഗത്ത്. അടച്ച സെല്ലിന്‍റെ ഇരുമ്പഴി മുറിച്ച് പുറത്തു കടന്നെന്നാണ് പ്രാഥമിക വിവരം. ഇത് ഗൗരവാവഹമായ അന്വേഷണം ആവശ്യമുള്ള വിഷയമാണ്. ആ അന്വേഷണം സർക്കാർ ജാഗ്രതയോടെ നടത്തുമെന്ന് ഉറപ്പിക്കാം. എന്നാൽ ഈ ജയിൽ ചാട്ടം ആസൂത്രിതമാണോ എന്ന് സംശയിക്കത്തക്ക നിലയിൽ ചില രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് പ്രചരണം അഴിച്ചു വിടുന്നുണ്ട്. അതിന്റെ തെളിവാണ് ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ ഇക്കാര്യത്തിലുള്ള പ്രതികരണമെന്ന് അദ്ദേഹം പറഞ്ഞു

. സെൻട്രൽ ജയിൽ ഉപദേശക സമിതി അനൗദ്യോഗിക അംഗങ്ങളെ സൂചിപ്പിച്ചു കൊണ്ട് സുരേന്ദ്രൻ നടത്തിയ പ്രസ്താവന ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷമുള്ള അദ്ദേഹത്തിന്റെ മനോനിലയാണ് വ്യക്തമാക്കുന്നത്. കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം വളരെ ചെറുതാണ്. അദ്ദേഹത്തിന്റെ മനോനില പരിശോധിക്കാൻ ബിജെപി പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു. 

അതോടൊപ്പം ഈ ജയിൽ ചാട്ടത്തെ തുടർന്ന് സമൂഹത്തെ ജാഗ്രതപ്പെടുത്തുന്നതിന് പകരം ഏത് കാര്യവും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗപ്പെടുത്തുന്ന ബിജെപി നേതാവിന്റെ ഹീനമായ ശ്രമത്തിൽ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ഉപദേശിക്കണമെന്നും താല്പര്യപ്പെടുന്നുവെന്നും അദ്ദേഹം പറഞു.