കണ്ണൂര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിര സിപിഎം നേതാവ് പി ജയരാജന്‍. ചെന്നിത്തലയുടെ ഖദര്‍ കുപ്പായം അഴിച്ചാല്‍ കാണുക കാക്കി ട്രൗസറാണെന്നും വിവരക്കേട് പറയുന്ന പ്രതിപക്ഷ നേതാവ് സഭക്ക് അപമാനമെന്നും പി ജയരാജന്‍ പറഞ്ഞു. കണ്ണൂരിലെ പൊലീസിനെ നിയന്ത്രിക്കുന്നത് പി ജയരാജനാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പയ്യന്നൂര്‍ സംഭവത്തെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് വസ്തുതാപരമെന്നും ജയരാജന്‍ പറഞ്ഞു . കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കണ്ണൂര്‍ജില്ലയിലെ പയ്യന്നൂരില്‍ കഴിഞ്ഞ ദിവസം നടന്ന രണ്ട് കൊലപാതകങ്ങള്‍ രാഷ്ട്രീയ കൊലപാതകങ്ങളെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. സിപിഐ(എം) പ്രവർത്തകനായ ധനരാജിനെ 10 ബിജെപി പ്രവർത്തകർ ചേര്‍ന്നു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നും ഈ കൊലപാതകത്തിന്‍റെ വിരോധമാണ് ബിജെപി പ്രവര്‍ത്തകന്‍ രാമചന്ദ്രന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് അടിയന്തിര പ്രമേയത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്. രണ്ട് കൊലപാതകത്തിലും പൊലീസ് അന്വേഷണം പുരോഗമിക്കുന്നതായും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. അതേസമയം ബിഎംഎസ് പ്രവർത്തകൻ രാമചന്ദ്രന്റെ കൊലപാതകത്തിന് പിന്നിൽ മുൻവൈരാഗ്യമാണെന്നും പെട്ടെന്നുള്ള പ്രകോപനമാണ് കൊലപാതകത്തിനിടയാക്കിയതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്നും ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ പറഞ്ഞു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനയുണ്ടെന്നും എച്ച് രാജ പറഞ്ഞു.
