ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയത് തന്റെ നിര്‍ദ്ദേശപ്രകാരമാകാം എന്ന ടി പി സെന്‍കുമാറിന്റെ പരാമര്‍ശത്തിന് മറുപടിയുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ രംഗത്തെത്തി. യുഡിഎഫ് ഭരണകാലത്ത് കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയദൗത്യം ഏറ്റെടുത്ത വ്യക്തിയായിരുന്നു ടി പി സെന്‍കുമാര്‍ എന്ന് പി ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. തനിക്ക് സെന്‍കുമാറിനോട് ദേഷ്യമോ വൈരാഗ്യമോ ഉണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന് തന്നോട് അതുണ്ടായിരുന്നുവെന്നാണ് മനസിലാക്കുന്നത്. എംഎല്‍എ ആയിരുന്ന കാലത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശകസമിതി അംഗം എന്ന സ്ഥാനത്ത് നിന്ന്, ടി പി സെന്‍കുമാര്‍ ഇടപെട്ട് തന്നെ മാറ്റിയത് ഇതിന്റെ ഭാഗമാണെന്നും പി ജയരാജന്‍ പറയുന്നു. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ കണ്ണൂരില്‍നിന്ന് വിയ്യൂരിലേക്ക് മാറ്റിയദിവസം തല്ലിച്ചതച്ചത്, സെന്‍കുമാറിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു. ഫസല്‍ വധക്കേസിലെ വെളിപ്പെടുത്തല്‍ പോലെ ഇനിയും പലതും പുറത്തു വരുമെന്ന് സെന്‍കുമാര്‍ മനസിലാക്കണമെന്നും പി ജയരാജന്‍ പറയുന്നു. പാര്‍ട്ടിയുടെ ഒരു ജില്ലാ സെക്രട്ടറി മാത്രമായ തന്റെ വാക്കു കേട്ടുകൊണ്ട് മുഖ്യമന്ത്രി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയെന്ന ആരോപണം, മുഖ്യമന്ത്രിയെക്കുറിച്ച് സെന്‍കുമാര്‍ പറഞ്ഞ നല്ല വാക്കുകള്‍ക്ക് കടകവിരുദ്ധമാണെന്നും ജയരാജന്‍ പറയുന്നു. പ്രതികാരബുദ്ധി എന്ന ആ തൊപ്പി സെന്‍കുമാറിനാണ് ചേരുക എന്ന് പറഞ്ഞുകൊണ്ടാണ് പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇവിടെ വായിക്കാം...
