കോഴിക്കോട്: പാർക്കിന്‍റെ നിയമലംഘന പ്രശ്നത്തിൽ പി വി അൻവർ എം.എൽ.എ കൂടരഞ്ഞി പഞ്ചായത്തിന്റെ നോട്ടീസിന് മറുപടി നൽകി .ഫയർ ഫോഴ്സിന്റെ NOC മാത്രം അടങ്ങിയ അപൂർണമായ മറുപടിയാണ് എൽ.എൽ.എ നൽകിയത്.

മലിനീകരണ നിയന്ത്രണ ബോർഡ്, ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റ്, ആരോഗ്യ വകുപ്പ് ,ഫയർഫോഴ്സ് എന്നീ വകുപ്പുകൾ നൽകിയ നിരാക്ഷേപ പത്രം സഹിതം 15 ദിവസത്തിനകം മറുപടി നൽകാനായിരുന്നു പഞ്ചായത്ത് നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്.എന്നാൽ ഫയർഫോഴ്സിന്‍റെ നിരാക്ഷേപ പത്രം മാത്രമാണ് ഇപ്പോൾ എം.എൽ.എ നൽകിയ മറുപടിയിൽ ഉള്ളത്. അതാകട്ടെ ആദ്യഘട്ടത്തിൽ പാർക്കിലെ പ്രധാന കെട്ടിടത്തിനും 256 കുതിരശക്തിയുള്ള മോട്ടോർ പ്രവർത്തിക്കാനും മാത്രമായി അനുവദിച്ചതാണ്. വാട്ടർതീം പാർക്കിനുള്ള റൈഡുകൾ പ്രവർത്തിക്കാനുള്ള അനുമതി ഫയർഫോഴ്സ് നൽകിയിരുന്നില്ല.

നേരത്തെ നൽകിയ ലൈസൻസ് മലിനീകരണ നിയന്ത്ര ബോർഡ‍ും, ശുചിത്വ ലൈസൻസ് ആരോഗ്യവിഭാഗവും റദ്ദാക്കുകയും ചെയ്തിരുന്നു.അതുകൊണ്ട് അപൂർണമായ മറുപടി നൽകിയ പശ്ചാതലത്തിൽ പാർക്കിന്‍റെ ലൈസൻസ് റദ്ദാക്കാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറാകുമോ എന്നാണ് ഇനി അറിയേണ്ടത്. അടുത്ത യോഗത്തിൽ പഞ്ചായത്ത് എ.എൽ.എയുടെ മറുപടി പരിഗണിക്കും.പാർക്കിന്‍റെ ചട്ട ലംഘന വിഷയത്തിൽ നടപടി എടുക്കേണ്ടത് പഞ്ചായത്ത് ആണെന്ന് ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.