മലപ്പുറം: നിലമ്പൂര്‍ കക്കാടംപൊയിലിലെ വിവാദ വാട്ടര്‍ തീം പാര്‍ക്കില്‍ ഫയര്‍ ആന്‍റ് സേഫ്റ്റി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന പരാതിയില്‍ പി വി അന്‍വര്‍ എംഎല്‍എക്കെതിരെ അന്വേഷണം. ഫയര്‍ ആന്‍റ് റസ്ക്യൂ ഡയറക്ടര്‍ ജനറലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സുരക്ഷ ഉറപ്പ് വരുത്താന്‍ കോഴിക്കോട് ജില്ലാ ഫയര്‍ ആന്‍റ് റസ്ക്യൂ വകുപ്പ് നല്‍കിയ ഡയഞ്ചറസ് ആന്‍റ് ഒഫന്‍സീവ് ലൈസന്‍സ് ചോദ്യം ചെയ്തുകൂടിയാണ് പരാതി നല്‍കിയിരിക്കുന്നത്. 

മൂന്ന് കോടിയോളം മുതല്‍മുടക്ക് ഉണ്ടെന്ന് എംഎല്‍എ അവകാശപ്പെടുന്ന പാര്‍ക്കിന് ഒരുചെറുകിട വ്യവസായ യൂണിറ്റിന്‍റെ ലൈസന്‍സ് മാത്രമാണുളളത്. വെറും 100 രൂപയുടെ ലൈസന്‍സ് മാത്രമാണ് എംഎല്‍എയുടെ പാര്‍ക്കിനുളളുവെന്ന പരാതിയിലാണ് അന്വേഷണം. സംഭവത്തില്‍ ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചെന്ന് ടോമിന്‍ തച്ചങ്കരി അറിയിച്ചു. 

പാര്‍ക്കരിക്കുന്ന നിര്‍ദ്ദിഷ്ട സ്ഥലത്ത് 1409.97 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള കെട്ടിടം നിര്‍മ്മിച്ചിരുന്നു. ടൗണ്‍പ്ലാനറുടെ അനുമതിയില്ലാതെ നടത്തിയ ഈ നിര്‍മ്മാണത്തിന് 2016 ഫെബ്രുവരിയില്‍ ഒന്‍പതിനായിരത്തി തൊള്ളായിരത്തി അന്‍പത് രൂപ പിഴ പഞ്ചായത്ത് ഈടാക്കി. 

പഞ്ചായത്ത് അനുമതി നല്‍കുന്നതിന് മുന്‍പേ എംഎല്‍എയുടെ പാര്‍ക്കില്‍ ആളുകളെ പ്രവേശിപ്പിച്ചു തുടങ്ങിയിരുന്നു. നിയമം ലംഘിച്ച് നടത്തിയ ഈ പ്രവൃത്തിയിലും പിഴ ചുമത്തി. ആദ്യഘട്ടത്തില്‍ പാര്‍ക്കില്‍ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ആളുകളെ പ്രവേശിപ്പിക്കാനുള്ള അനുമതിയുടെ മറവില്‍ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു. 

ഈ നിയമലംഘനത്തിന് ഇക്കഴിഞ്ഞ ജൂണില്‍ അയ്യായിരം രൂപയാണ് പിഴ ചുമത്തിയത്. പാര്‍ക്കില്‍ അനുമതിയില്ലാതെ റസ്റ്റോറന്‍റ് പ്രവര്‍ത്തിപ്പിച്ചും എംഎല്‍എ നിയമത്തെ വെല്ലുവിളിച്ചു. അതിനും പിഴ ഈടാക്കി. എന്നാല്‍ അന്‍വര്‍പാര്‍ക്കിലെ നിയമലംഘനങ്ങള്‍ പിന്നീട് ക്രമപ്പെടുത്തിയ നടപടി നിയമവിരുദ്ധമാണെന്നാണ് കളക്ടര്‍ ചൂണ്ടിക്കാട്ടുന്നത്. 

ഇത്തരത്തില്‍ എംഎല്‍എ നടത്തിയ തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ ഒരു ഘട്ടത്തില്‍ പോലും പക്ഷേ പ‍ഞ്ചായത്ത് സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നില്ല. നിയമലംഘിച്ചും പിന്നീട് നിസാര തുക പിഴയടച്ചുമുള്ള വിദ്യയിലൂടെ എംഎല്‍എ അനുമതികള്‍ നേടിയെടുക്കുകയായിരുന്നു.അനുമതി തേടിയുള്ള കാത്തിരിപ്പും, പരിശോധനകളുമെല്ലാം കേവലം പിഴയൊടുക്കുന്നതിലൂടെ മറികടന്നു.