ആലപ്പുഴ: കുട്ടനാട്ടിലെ നെല്ല് സംഭരണം പ്രതിസന്ധിയിലാക്കി നെല്ലുടമകളുടെ നിലപാട്. കനത്ത മഴയില്‍ ടണ്‍ കണക്കിന് നെല്ലാണ് അപ്പര്‍ കുട്ടനാട്ടില്‍ മാത്രം കെട്ടിക്കിടക്കുന്നത്. ഒരു ക്വിന്റൽ നെല്ലിന് 13 കിലോ വരെ കുറച്ച് മാത്രമേ സംഭരിക്കുവെന്ന നെല്ലുടമകളുടെ നിലപാടാണ് നെല്ലു സംഭരണത്തിന് പ്രതിസന്ധിയാവുന്നത്. കടമെടുത്തും നഷ്ടം സഹിച്ചുമാണ് കര്‍ഷകര്‍ കുട്ടനാട്ടില്‍ നെല്‍ കൃഷി നടത്തുന്നത്. 

നെല്ലിന്റെ ഗുണനിലവാരം സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമാണ് പതിര് മാറ്റുന്നത്. ഈർപ്പവും പതിരും നോക്കി ശരാശരി 4 കിലോ വരെ നെല്ല് കുറച്ചാണ് കർഷകരിൽ നിന്നും ശേഖരിക്കുന്നത്. എന്നാൽ ചില മില്ലുടമകൾ 13 കിലോ വരെ ചോദിച്ചതിനാൽ കർഷകർ നെല്ല് കൊടുക്കാൻ തയ്യാറല്ല. ഇതിനാൽ ഒരു പാടശേഖരത്തിൽ മാത്രം 800 കിലോ നെല്ലാണ് ഒരു മാസമായി കെട്ടിക്കിടക്കുന്നത്. 

ആയിരം മണി നെല്ലെടുത്താൽ 28 ഗ്രാമുണ്ടാകണമെന്നാണ് പുതിയ ഗുണനിലവാര മാനദണ്ഡം. ഈ മാനദണ്ഡം മാറ്റണമെന്നാണ് കർഷകരുടെ ആവശ്യം
എന്നാൽ സർക്കാർ നിശ്ചയിക്കുന്ന മാദണ്ഡത്തിനനുസരിച്ചാണ് നെല്ലെടുക്കുന്നതെന്നാണ് മില്ലുകടമകളുടെ വിശദീകരണം. പതിരെടുത്താൻ നഷ്ടമുണ്ടാകും. നൂറ് കിലോ നെല്ലെടുത്താൽ 68 കിലോ അരിയായി നൽകണമെന്നാണ് സപ്ലെകോ ആവശ്യപ്പെടുന്നത്. ഈ മാനദണ്ഡം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് മില്ലുകടമകളുടെ വാദം. വാദപ്രതിവാദങ്ങൾ ശക്തമാകുമ്പോഴും തുലാമഴയിൽ സംഭരണം വൈകുന്നത് കർഷകർക്ക് ഇരുട്ടടിയാണ്