Asianet News MalayalamAsianet News Malayalam

പാക് സൈന്യത്തിന് തിരിച്ചടിക്കാൻ അനുമതി നൽകി ഇമ്രാൻഖാൻ

ഇമ്രാൻ ഖാന്‍റെ നേതൃത്വത്തിൽ സുരക്ഷാ കാര്യങ്ങൾ വിലയിരുത്താൻ ഉന്നതതലയോഗം ചേർന്നു. 

pak army is given full freedom to hit back against india
Author
Islamabad, First Published Feb 26, 2019, 3:57 PM IST

ഇസ്ലാമാബാദ്: പാക് സൈന്യത്തിന് തിരിച്ചടിക്കാൻ സമ്പൂർണ അനുമതി നൽകി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇസ്ലാമാബാദിൽ ഇമ്രാൻ ഖാന്‍റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിന് ശേഷമാണ് പാകിസ്ഥാൻ സൈന്യത്തിന് ഇന്ത്യക്കെതിരെ തിരിച്ചടിക്കാൻ എല്ലാ അവകാശവുമുണ്ടെന്ന് ഇമ്രാൻ ഖാൻ വ്യക്തമാക്കിയത്. ഉചിതമായ സമയത്ത് ഇന്ത്യക്ക് മറുപടി നൽകുമെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി.

അതിർത്തി ലംഘിച്ച് പറന്നെത്തി ആക്രമിച്ച ഇന്ത്യയുടെ നടപടിക്ക് ഒരു ന്യായീകരണവുമില്ലെന്ന് ഇമ്രാൻ ഖാൻ വ്യക്തമാക്കി. പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്ഥാന് ഒരു പങ്കുമില്ല. അത്തരം ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ഇന്ത്യൻ ഭരണകൂടത്തിന്‍റെ ഈ നടപടിയെന്നും ഇമ്രാൻ ഖാൻ ആരോപിച്ചു. 

അടിയന്തരസാഹചര്യം കണക്കിലെടുത്ത് നാളെ പാകിസ്ഥാൻ ദേശീയ അസംബ്ലി ചേരും. നിലവിലെ സ്ഥിതി ചർച്ച ചെയ്ത് മുന്നോട്ടുള്ള നടപടികളെക്കുറിച്ച് അസംബ്ലി തീരുമാനമെടുക്കും. 

ആക്രമണത്തിൽ നിരവധി ഭീകരർ മരിച്ചെന്ന ഇന്ത്യയുടെ അവകാശവാദം കള്ളമെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നു. ആക്രമണം നടന്നെന്ന് ഇന്ത്യ അവകാശപ്പെടുന്ന ഇടത്തേക്ക് ദേശീയ, അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രതിനിധികളെ അയക്കും. ആക്രമണം നടത്തിയെന്ന ഇന്ത്യയുടെ വാദം നുണയാണെന്ന് തെളിയിക്കുമെന്നാണ് പാകിസ്ഥാൻ പറയുന്നത്.

ഏത് സാഹചര്യത്തെയും നേരിടാൻ ഒരുങ്ങിയിരിക്കണമെന്ന് ഇമ്രാൻ ഖാൻ രാജ്യത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പാകിസ്ഥാൻ സൈന്യം ഇന്ത്യൻ ആക്രമണത്തെ നേരിട്ടെന്നും അതിന് സൈന്യത്തെ അഭിനന്ദിക്കുന്നുവെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി. 

യോഗത്തിൽ പാക് വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഖുറേഷി, പ്രതിരോധമന്ത്രി പർവേസ് ഖട്ടക്, ധനകാര്യ ചെയർമാൻ ജനറൽ ഖമർ ജാവേദ് ബജ്‍വ, നാവികസേനാ തലവൻ സഫർ മഹ്‍മൂദ് അബ്ബാസി, വ്യോമസേനാ തലവൻ എയർ മാർഷൽ മുജാഹിദ് അൻവർ ഖാൻ, മറ്റ് സിവിൽ, മിലിട്ടറി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 

 

Follow Us:
Download App:
  • android
  • ios