ദില്ലി: പാകിസ്ഥാന് വധശിക്ഷയ്ക്ക് വിധിച്ച മുൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാധവിനെ സന്ദർശിക്കാൻ ഭാര്യക്ക് അനുമതി. മാനുഷിക പരിഗണനയുടെ പേരിലാണ് അനുമതിയെന്ന് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആദ്യമായാണ് കുൽഭൂഷണിന്റെ കുടുംബത്തിൽപ്പെട്ട ഒരാൾക്ക് അദ്ദേഹത്തെ സന്ദർശിക്കാൻ അനുമതി ലഭിക്കുന്നത്. മുന്‍പ് കുല്‍ഭൂഷന്റെ അമ്മ അവന്തിക ജാദവിനു വിസ അനുവദിക്കണം എന്നാവശ്യപ്പെട്ടിട്ടും പാക്കിസ്ഥാൻ സർക്കാർ വിസ നല്‍കിയിരുന്നില്ല.
ചാരപ്രവര്‍ത്തനം നടത്തി എന്നാരോപിച്ച് കഴിഞ്ഞ ഏപ്രിലിലാണ് പട്ടാള കോടതി കുല്ഭൂഷണ് ജാദവിനെ വധശിക്ഷക്ക് വിധിച്ചത്. റിട്ടയർ ചെയ്തശേഷം ഇറാനിലെ ചബഹർ തുറമുഖപട്ടണത്തിൽ ചരക്കുഗതാഗത ബിസിനസ് നടത്തിവരികയായിരുന്നു 46 വയസുള്ള ഇദ്ദേഹം.മഹാരാഷ്ട്രയിലെ സാംഗ്ളി സ്വദേശിയാണ് ജാദവ്.
കുൽഭൂഷണ് ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാക്കിസ്ഥാൻ സൈനിക കോടതി വിധി അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ ഉയർത്തിയ വാദങ്ങളെല്ലാം തള്ളിയാണ് അന്താരാഷ്ട്ര നീതിന്യായ കോടതി വധശിക്ഷ സ്റ്റേ ചെയ്തത്.
