ദില്ലി: ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ തന്‍റെ മുന്നിൽ വച്ച് അമ്മയെ ശകാരിച്ചു എന്ന് കുൽഭൂഷൺ ജാദവ് ആരോപിക്കുന്ന വീഡിയോയുമായ് പാകിസ്ഥാൻ. ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥനാണ് താനെന്ന് വീഡിയോയിൽ ജാദവിനെകൊണ്ട് പാകിസ്ഥാൻ പറയിപ്പിക്കുന്നു. അതേസമയം തടങ്കലിൽ കഴിയുന്ന ഒരാളെ ഭിഷണിപ്പെടുത്തി ഉന്നയിക്കുന്ന ആരോപണത്തിന് മറുപടി അർഹിക്കുന്നില്ലെന്ന് ഇന്ത്യ പ്രതികരിച്ചു.

പാക് ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിൻറെ മൂന്നാമത്തെ വിഡീയോ ആണ് പാകിസ്ഥാൻ പുറത്തു വിച്ചത്. പാകിസ്ഥാൻ മാന്യമായ രീതിയിലാണ് തന്നോട് പെരുമാറുന്നതെന്ന് കുൽഭൂഷൺ ജാദവ് പറയുന്നു. അമ്മയെയും ഭാര്യയെയും കാണണമെന്നുള്ള ദീർഘകാലത്തെ ആവശ്യം സാധ്യമാക്കിയ പാകിസ്ഥാനോട് നന്ദിയുണ്ട്. താൻ ഇപ്പോഴും ഇന്ത്യൻ നാവികസേനയിലെ ഉദ്യോഗസ്ഥനാണെന്ന് കുൽഭൂഷൺ പറയുന്നു. തന്നെ കാണാൻ വന്ന അമ്മയുടെ കണ്ണുകളിൽ ഭയമുണ്ടായിരുന്നു. അവർക്കൊപ്പമെത്തിയ ഇന്ത്യൻ ഉദ്യോഗസ്ഥൻ അമ്മയോട് കയർത്തു സംസാരിച്ചെന്നും കുൽഭൂഷൺ പറയുന്നു.

വീഡിയോയിൽ കുൽഭൂഷൺ ഊർജ്ജസ്വലനാണ്. എന്നാൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ പറയുന്ന കാര്യങ്ങൾ കുൽഭൂഷൺ അതേപോലെ ആവർത്തിക്കുകയാണെന്ന് വ്യക്തമാണ്. പാകിസ്ഥാന്‍റെ നടപടി അത്ഭുതപ്പെടുത്തുന്നില്ലെന്ന് ഇന്ത്യ പ്രതികരിച്ചു. കുൽഭൂഷൻറെ മനുഷ്യാവകാശം ലെഘിക്കുന്നത് പാകിസ്ഥാൻ അവസാനിപ്പിക്കണമെന്നും രാജ്യാന്തര മര്യാദകൾ പാലിക്കാൻ തയ്യാറാകണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.