ഇസ്ലാമാബാദ്: ദിവസങ്ങളോളം നീണ്ടു നിന്ന കലാപത്തിനൊടുവില്‍ പാകിസ്ഥാന്‍ നിയമമന്ത്രി സാഹിദ് ഹമീദ് രാജിവച്ചു. തെരഞ്ഞെടുപ്പ് നിയമ ഭേദഗതിയെ ചൊല്ലി സാഹിദ് ഹമീദ് രാജിവെക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാനില്‍ മൂന്ന് ആഴ്ചയോളമായി വന്‍ കലാപമാണ് നടന്നത്. ശനിയാഴ്ച സമരക്കാരെ പിരിച്ചുവിടാന്‍ പോലീസ് നടത്തിയ നടപടിയില്‍ ആറു പേര്‍ കൊല്ലപ്പെടുകയും ഇരുനൂറോളം പേര്‍ക്കേല്‍ക്കുകയും ചെയ്തിരുന്നു. 

തെഹ്‌രീക് ഇ ലാബയിക് യാ റസൂല്‍ അള്ളാ പാകിസ്ഥാന്‍ (ടി.എല്‍.വൈ.ആര്‍.എ.പി) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സര്‍ക്കാരിനെതിരെ പ്രക്ഷോഭം തുടങ്ങിയത്. ഇസ്ലമാബാദില്‍ തുടങ്ങിയ പ്രക്ഷോഭം ലാഹോര്‍, കറാച്ചി നഗരങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. സര്‍ക്കാരും പ്രക്ഷോപകാരികളും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ രാജി. ഞായറാഴ്ച അര്‍ദ്ധരാത്രി സര്‍ക്കാരും സമരക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് നിയമമന്ത്രി രാജിവെക്കാന്‍ തീരുമാനമായത്. സാഹിദ് ഹമീദ് തന്റെ രാജി പ്രധാനമന്ത്രി ശാഹിദ് ഖാഖന്‍ അബ്ബാസിക്ക് നല്‍കിയതായി പാകിസ്ഥാന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. 

ഒക്ടോബര്‍ രണ്ടിന് പാകിസ്ഥാന്‍ പാര്‍ലമെന്റ് പാസാക്കിയ തെരഞ്ഞെടുപ്പ് നിയമ ഭേദഗതിയെത്തുടര്‍ന്നാണ് ടി.എല്‍.വൈ.ആര്‍.എ.പി.യുടെ നേതൃത്വത്തില്‍ നിയമമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരം തുടങ്ങിയത്. കറാച്ചി നഗരത്തില്‍ തന്നെ ഏതാണ്ട് അയ്യായിരത്തോളം ജനങ്ങള്‍ കുത്തിയിരിപ്പ് സമരത്തിലായിരുന്നു. നവംബര്‍ 6 മുതല്‍ തലസ്ഥാനമായ ഇസ്ലാമാബാദ് പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞിരുന്നു. 

വാഹനങ്ങള്‍ തടഞ്ഞും കല്ലെറിഞ്ഞും അക്രമാസക്തരായ ജനക്കൂട്ടമായിരുന്നു പാകിസ്ഥാന്റെ തെരുവുകളില്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സമരക്കാരെ പിരിച്ചുവിടാന്‍ വേണ്ടി പോലീസ് നടത്തിയ വെടിവെപ്പിലാണ് ആറുപേര്‍ കൊല്ലപ്പെട്ടത്. ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞാച്ചടങ്ങില്‍ ചൊല്ലുന്ന സത്യവാചകത്തില്‍ പ്രവാചകന്റെ പേരിലുള്ള തങ്ങളുടെ അടിയുറച്ച വിശ്വാസം ബോധ്യപ്പെടുത്തണമെന്ന ഭേദഗതിയിലാണ് പ്രതിഷേധം.