പാലക്കാട്: ഹര്‍ത്താലില്‍ ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി പാര്‍ട്ടി ഓഫീസുകള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സമാധാനപരമായി ആരംഭിച്ച മാര്‍ച്ച്, എന്നാല്‍ ബിജെപി ഓഫീസിന് മുന്നില്‍ എത്തിയതോടെ അക്രമാസക്തമാകുകയായിരുന്നു. ഓഫീസിന് മുന്നിലെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രകോപനപരമായ രീതിയില്‍ മുദ്രാവാക്യം വിളിച്ചതോടെ ബിജെപി ഓഫീസിന് ഉള്ളില്‍ നിന്ന് കല്ലേറുണ്ടായി.

ഇതിന് പിന്നാലെ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ കയ്യില്‍ കരുതിയിരുന്ന കുപ്പികളും കല്ലുകളും ബിജെപി ഓഫീസിന് നേരെ വലിച്ചെറിഞ്ഞു. ഇതോടെ പ്രതിഷേധം അക്രമാസക്തമാകുകയായിരുന്നു. ഇതോടെ പൊലീസ് ലാത്തി വീശി. മാര്‍ച്ചിന് നേരെ പൊലീസ് രണ്ട് തവണ ഗ്രനേഡ് പ്രയോഗിച്ചു. ഹര്‍ത്താലിനിടെ സിപിഎം സിപിഐ ഓഫീസിന് നേരെയും ആക്രമണം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. 

എന്‍ എന്‍ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേതൃത്വം നല്‍കിയ മാര്‍ച്ച് സ്റ്റേഡിയം സ്റ്റാന്‍റില്‍ അവസാനിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. മുതിര്‍ന് നേതാക്കള്‍ സമാപന സ്ഥലത്തേക്ക് പോയി. രണ്ട് വഴിയായി പിരിഞ്ഞ മാര്‍ച്ചിന്‍റെ അവാസനമാണ് അക്രമം ഉണ്ടായത്. നിലവില്‍ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല. ഈ സംഘര്‍ഷത്തില്‍പെട്ടവരെ പൊലീസും നേതാക്കളും ഇടപെട്ട് അനുനയിപ്പിക്കുകയാണ്.