പാലക്കാട് നഗരസഭയിൽ കൂട്ടുകൂടി യു‍ഡിഎഫും-സിപിഎമ്മും; ചെങ്ങന്നൂരില്‍ ആയുധമാക്കാന്‍ ബിജെപി

പാലക്കാട്: സംസ്ഥാനത്തെ ബിജെപിയുടെ ഏക നഗരസഭ ഭരണമാണ് സിപിഎം കോൺഗ്രസ് കൂട്ടുകെട്ടിൽ നഷ്ടപ്പെടാനൊരുങ്ങുന്നത്. ഇതിന്‍റെ ആദ്യ പടിയായി അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ സിപിഎം യുഡിഎഫനെ പിൻതുണച്ചതോടെ ക്ഷേമകാര്യ സ്ഥിരം സമിതി ബിജെപിക്ക് നഷ്ടമായി. രണ്ടു സ്റ്റാന്‍റിങ് കമ്മിറ്റികളിലേക്കുള്ള അവിശ്വാസ പ്രമേയ ചർച്ച അടുത്തയാഴ്ച നടക്കും. അധ്യക്ഷക്കും ഉപാധ്യക്ഷനുമെതിരായ അവിശ്വാസ പ്രമേയം കൂടി ഒരു മാസത്തിനകം അവതരിപ്പിക്കുന്നതോടെ നഗരസഭാ ഭരണം ബിജെപിക്ക് നഷ്ടമാകുമെന്നാണ് യുഡിഎഫ് കണക്കു കൂട്ടുന്നത്.

തുടർന്ന് എങ്ങനെ ഭരണം മുന്നോട്ടു പോകുമെന്ന് ഉചിതമായ സമയത്ത് തീരുമാനിക്കുമെന്നാണ് സിപിഎമ്മിന്‍റെയും നിലപാട്. 52 അംഗ നഗരസഭയിൽ 24 ആംഗങ്ങളാണ് ബിജെപിക്കുള്ളത്. സിപിഎമ്മും യുഡിഎഫ് അംഗങ്ങളും ചേർന്നാൽ 27. ഇരു പാർട്ടികളും ചേർന്നാൽ ഭരണം നഷ്ടമാകുമെന്ന് ബി ജെപി പരസ്യമായിത്തന്നെ സമ്മതിക്കുന്നതും ഇതുകൊണ്ടു തന്നെ. ഈ നീക്കുപോക്കിനെ രാഷ്ട്രീയമായി നേരിടാനാണ് ബിജെപി ഒരുങ്ങുന്നത്. ഇരു പാർട്ടികളും കൈകോർക്കുന്നത് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി രാഷ്ട്രീയ ആയുധമാക്കുമ്പോൾ, ഇതിനെ സിപിഎമ്മും കോൺഗ്രസും എങ്ങനെ നേരിടുമെന്നാണ് ഇനി കണ്ടറിയാനുള്ളത്.