പാലക്കാട്: ഇസ്ലാംമത പ്രഭാഷകന്‍ സാകിർ നായിക്കിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. പാലക്കാട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇത് സംബന്ധിച്ച് പാലക്കാട് സൗത്ത് പൊലീസിന് നിർദേശം നൽകിയത്. പൊതു പ്രവർത്തകൻ പി ഡി ജോസഫിന്‍റെ പരാതി പരിഗണിച്ചാണ് നിർദേശം.

പാലക്കാട് നിന്ന് നാടുവിട്ട യുവാക്കളെ സാകിർ നായികിന്‍റെ പ്രസംഗത്തിന്‍റെ ദൃശ്യങ്ങൾ സ്വാധീനിച്ചുവെന്നാണ് ജോസഫിന്‍റെ പരാതി. യുവാക്കളെ മതപരിവര്‍ത്തനം നടത്തുന്നതില്‍ സാക്കീര്‍ നായിക് മുഖ്യ പങ്ക് വഹിച്ചുവെന്നും പരാതിയിലുണ്ട്.

ധാക്ക ഭീകരാക്രമണത്തിലെ തീവ്രവാദികള്‍ക്ക് പ്രചോദനമായത് സാകിര്‍ നായിക്കിന്‍റെ പ്രഭാഷണങ്ങളാണെന്ന ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നതിനിടയിലാണ് കോടതി ഉത്തരവ്. ഇതിനിടെ നായിക്ക് തന്‍റെ ഇന്ത്യന്‍ യാത്ര റദ്ദാക്കിയതായും ആഫ്രിക്കന്‍ ടൂറിനൊരുങ്ങുന്നതായും സൂചനകളുണ്ട്.