ദില്ലി: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി റദ്ദാക്കാന്‍ ബിജെപി കരുനീക്കങ്ങള്‍ ആരംഭിച്ചു. കോണ്‍ഗ്രസിന് കൈപ്പത്തി ചിഹ്നം അനുവദിച്ചു നല്‍കരുതെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ ആണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.
കൈപ്പത്തി ഒരു ചിഹ്നമായി നല്‍കുന്നത് ജനപ്രാതിനിധ്യ നിയമത്തിനും തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിനും എതിരാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ ആറു പേജുള്ള പരാതിയില്‍ ഉപാധ്യായ വാദിക്കുന്നത്.
കൈപ്പത്തി ഒരു തിരഞ്ഞെടുപ്പ് ചിഹ്നം മാത്രമല്ല മനുഷ്യശരീരത്തിലെ ഒരു പ്രധാനഭാഗം കൂടിയാണ്. നമ്മുടെ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ അനുസരിച്ച് വോട്ടെടുപ്പിന് ഒരുദിവസം മുന്‍പായി പ്രചരണം അവസാനിപ്പിച്ചാല്‍ പിന്നെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കുണ്ട്. എന്നാല്‍ വോട്ടെടുപ്പ് ദിവസം പോലും പോളിംഗ് ബൂത്തിലെത്തി കൈവീശി കാണിക്കുന്ന കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഫലത്തില്‍ ചിഹ്നം പ്രദര്‍ശിപ്പിക്കുകയാണ്. - പരാതിയില്‍ ഉപാധ്യായ ചൂണ്ടിക്കാട്ടുന്നു.
യഥാര്‍ത്ഥത്തില്‍ കൈപ്പത്തി കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായിരുന്നുവെന്ന് ഉപാധ്യയയുടെ വാദിക്കുന്നു. ഇരട്ടകാളകളായിരുന്നു കോണ്‍ഗ്രസ് ആദ്യകാലത്തെ തിരഞ്ഞെടുപ്പ് ചിഹ്നം. പിന്നീട് 1970-കളില്‍ ഇന്ദിരാഗാന്ധിയാണ് കൈപ്പത്തി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമാക്കി മാറ്റിയത്. ഇതെങ്ങനെ ഇന്ദിര നടത്തിയെടുത്തു എന്ന കാര്യം വ്യക്തമല്ല. എന്തായാലും കൈപ്പത്തി ചിഹ്നമായി ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണ് എന്ന് വ്യക്തമായ സാഹചര്യത്തില്‍ അത് റദ്ദാക്കാനുള്ള നടപടികളാണ് ഇനിവേണ്ടത് ഉപാധ്യായ ചൂണ്ടിക്കാട്ടുന്നു.
