കോഴിക്കോട്: പി വി അന്‍വര്‍ എംഎല്‍എയുടെ കക്കാടം പൊയിലിലെ പിവിആര്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് നിലവിലെ സാഹചര്യത്തിൽ പൂട്ടാൻ കഴിയില്ലെന്ന് പഞ്ചായത്ത്. കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറിയുടേതാണ് പ്രതികരണം . നിയമവശം പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും സെക്രട്ടറി വ്യക്തമാക്കി. ഭരണസമിതി യോഗം 3 മണിക്ക് ചേരാനിരിക്കേയാണ് സെക്രട്ടറിയുടെ പ്രതികരണം. പി.വി അൻവർ എംഎൽഎയുടെ പാർക്ക് വിഷയം യോഗത്തിൽ ചർച്ചയാവും .

പാര്‍ക്കില്‍ മാരക കീടനാശിനി പ്രയോഗം നടക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസ് രാവിലെ വാര്‍ത്ത പുറത്തു വിട്ടിരുന്നു. വേണ്ടത്ര മലിനീകരണ നിയന്ത്രണ സംവിധാനങ്ങളൊന്നുമില്ലാത്ത പാര്‍ക്കില്‍ എന്‍ഡോസള്‍ഫാന്‍ ഗണത്തില്‍ പെടുന്ന മാരക കീടനാശിനിയാണ് ഉപയോഗിക്കുന്നതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തില്‍ വ്യക്തമായത്.

കക്കാടംപൊയില്‍ പോലെ ചൂട് കുറഞ്ഞ പ്രദേശത്തെ അന്തരീക്ഷത്തില്‍ കീടനാശിനിയുടെ സാന്നിധ്യം പരിസ്ഥിതിക്കും മനുഷ്യനും ഏറെ ദോഷകരമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പി വി ആര്‍ നാച്ചുറോ പാര്‍ക്കെന്നാണ് എംഎല്‍എയുടെ പാര്‍ക്കിന്റെ മുഴുവന്‍ പേര്. പ്രകൃതിക്ക് ദോഷം വരാതെയുള്ള ഇടപെടലുകളേ പാര്‍ക്കില്‍ നടക്കുന്നൂവെന്നാണ് വാദം. എന്നാല്‍ ആള്‍ത്തിരക്ക് കുറഞ്ഞ ദിവസങ്ങളില്‍ പാര്‍ക്കിലെ ചെടികളിലും മരങ്ങളിലും മാരക കീടനാശിനികള്‍ പ്രയോഗിക്കുന്നുണ്ടെന്നറിഞ്ഞാണ് അങ്ങനെയുള്ളള ഒരു ദിവസം പാര്‍ക്കിലെത്തിയത്. കാര്യം ശരിയാണ്. വാട്ടര്‍ പൂളുകള്‍ക്ക് സമീപമുള്ള ചെടികളിലും, ചെറിയ മരങ്ങളിലും ജീവനക്കാരന്‍ കീടനാശിനി പ്രയോഗം നടത്തുകയാണ്.

എക്കാലക്‌സ് എന്ന കീടനാശിനിയാണ് ഉപയോഗിക്കുന്നതെന്ന് തോട്ടക്കാരന്‍ പറയുന്നു. ആള്‍ തിരക്കില്ലാത്ത ദിവസങ്ങളില്‍ കീടനാശിനി പ്രയോഗം തുടര്‍ച്ചയായി നടത്താറുണ്ടെന്നും ഇദ്ദേഹം സമ്മതിക്കുന്നു. ആളുകള്‍ കുറവുള്ള ദിവസങ്ങളിലാണ് കീടനാശിനി പ്രയോഗിക്കുന്നതെന്നും തോട്ടക്കാരന്‍ വ്യക്തമാക്കി. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് രണ്ടായിരം മൂവായിരം ആളുകള്‍ വരുന്നത്.

ഇനി എകാലക്‌സ് എന്ന കീടനാശിനിയെ കുറിച്ച് പരിശോധിക്കാം.ലോകാരോഗ്യ സംഘടന യെല്ലോ ലേബലില്‍ പെടുത്തിയിരിക്കുന്ന ഖ്യുനാല്‍ഫോസ് വിഭാഗത്തില്‍ പെടുന്നതാണ് എകാലക്‌സ്. ഈ പട്ടിയില്‍ തന്നെയാണ് നിരോധിത കീടനാശിനിയായ എന്‍ഡോസള്‍ഫാനും പെടുന്നത്. അപ്പോള്‍ എകാലക്‌സിന്റെ പ്രഹരശേഷി എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നിരവധി ആളുകളെത്തുന്ന പൊതുസ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള കീടനാശിനികള്‍ ഉപയോഗിക്കുന്നത് പരിസ്ഥിതിക്കും മനുഷ്യനും ഒരു പോലെ ദോഷകരമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മലിനീരണ നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കാത്തതിനാല്‍ പാര്‍ക്കിന്‍റെ ലൈസന്‍സ് തന്നെ റദ്ദാക്കിയിരിക്കുകയാണ്.പൂളുകളില്‍ ഉപയോഗിക്കുന്ന ജലം ശുദ്ധീകരിക്കുന്നതിന് ഒരു സംവിധാനവും പാര്‍ക്കിലില്ല.വെള്ളം പരിശോധിക്കാന്‍ ലാബുമില്ല.ചെടികളില്‍ പ്രയോഗിക്കുന്ന കീടനാശിനികളുടെ അംശം സമീപമുള്ള പൂളുകളിലെ വെള്ളത്തില്‍ കലരാനുള്ള സാധ്യതയും ഏറെ.