ആചാരം ലംഘിച്ച് ഒരു തീരുമാനത്തിനും വഴങ്ങില്ലെന്ന് പന്തളം കൊട്ടാരവും തന്ത്രികുടുംബവും വ്യക്തമാക്കിയിരുന്നു. സർക്കാർ നിലപാടിൽ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ നടക്കുന്ന ചർച്ചയും വിജയിക്കാൻ സാധ്യത കുറവാണ്.

തിരുവനന്തപുരം: ശബരിമലയിൽ സമവായനീക്കത്തിന് സംസ്ഥാനസർക്കാർ വിളിച്ച സർവകക്ഷിയോഗം പാളിയതോടെ ഇനി എല്ലാ കണ്ണുകളും തന്ത്രി, രാജകുടുംബവുമായുള്ള യോഗത്തിന് നേർക്കാണ്. ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നാണ് ചർച്ചയ്ക്ക് മുമ്പ് പന്തളം രാജകൊട്ടാരപ്രതിനിധി ശശികുമാരവർമ വ്യക്തമാക്കിയത്. ശുഭപ്രതീക്ഷയുണ്ടെന്ന് തന്ത്രി കണ്ഠരര് രാജീവരും പറഞ്ഞു.

ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാറും, ബോർഡംഗം കെ.പി.ശങ്കരദാസും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സർവകക്ഷിയോഗത്തിനും തന്ത്രി, രാജ കുടുംബാംഗങ്ങളുമായുള്ള യോഗത്തിനും ശേഷം ദേവസ്വംബോർഡും യോഗം ചേരുന്നതിന് മുന്നോടിയായാണ് ഇരുവരും യോഗത്തിനെത്തിയത്.

എന്നാൽ യുവതീപ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധിയിൽ സാവകാശ ഹർജി നൽകില്ലെന്നും, വിധി നടപ്പാക്കിയേ തീരൂ എന്നുമുള്ള ഉറച്ച നിലപാടിലാണ് സർക്കാർ. ചില ദിവസങ്ങളിൽ യുവതീപ്രവേശനം ക്രമപ്പെടുത്താമോ എന്ന് സർക്കാർ ആരാഞ്ഞിരുന്നെങ്കിലും പ്രതിപക്ഷവും ബിജെപിയും വഴങ്ങിയിരുന്നില്ല. രാഷ്ട്രീയപാർട്ടികൾ തന്നെ നിലപാടിൽ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ ആചാരങ്ങളിൽ കർശനനിലപാടെടുക്കുന്ന തന്ത്രി, രാജകുടുംബങ്ങൾ വഴങ്ങാൻ സാധ്യത തീരെക്കുറവാണ്.

യുവതികൾ കയറിയാൽ നട അടച്ചിടുമെന്ന് നേരത്തേ നിലപാടെടുത്തവരാണ് തന്ത്രി, രാജകുടുംബാംഗങ്ങൾ. സമവായസാധ്യത തള്ളുന്നില്ലെന്ന് ഇരുകുടുംബങ്ങളും വ്യക്തമാക്കുന്നുണ്ടെങ്കിലും ഇരു കൂട്ടരും നിലപാടിൽ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിന് സാധ്യതയില്ല. 

Read More: ശബരിമല: സർവകക്ഷിയോഗം പാളി; യുഡിഎഫ് യോഗം ബഹിഷ്കരിച്ചു