ദോഹ: അയൽരാജ്യങ്ങൾ കര-ജല-വ്യോമഗതാഗതത്തിന് വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ വിപണിയിൽ ആവശ്യവസ്തുക്കൾക്കും ഭക്ഷ്യോൽപന്നങ്ങൾക്കും ക്ഷാമം നേരിട്ടില്ലെന്ന് ഖത്തർ മന്ത്രിസഭ ജനങ്ങൾക്ക് ഉറപ്പ് നൽകി. ജനങ്ങളിൽ പരിഭ്രാന്തിയുളവാക്കുന്ന തരത്തിൽ ഭക്ഷ്യോത്പന്നങ്ങൾക്ക് ക്ഷാമം നേരിട്ടേക്കുമെന്ന പ്രചാരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായതിനെ തുടർന്നാണ് മന്ത്രിസഭ ഇക്കാര്യം വ്യക്തമാക്കിയത്.

അറബ് - ഗൾഫ് മേഖലയിലെ ഏതാനും അയൽരാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്രം നിര്‍ത്താലാക്കിയതോടെ ഗതാഗത മാർഗങ്ങൾ അടക്കുകയും ചെയ്തതിനെ തുടർന്ന് ഇന്നലെ രാവിലെ മുതൽ രാജ്യത്തെ ചില്ലറ വിൽപന കേന്ദ്രങ്ങളിൽ വലിയ തിരക്കനുഭവപ്പെട്ടിരുന്നു. സൗദി - ഖത്തർ അതിർത്തി അടച്ചതോടെ റോഡ് വഴിയുള്ള ചരക്കു നീക്കം നിലച്ചതാണ്‌ ജനങ്ങളിൽ പരിഭ്രാന്തിയുണ്ടാവാൻ കാരണം. 

ഇതേതുടർന്ന് രാജ്യത്തെ ഒട്ടുമിക്ക ചില്ലറ വിൽപന കേന്ദ്രങ്ങളിലും ഇന്നലെ നാലിരട്ടിയോളം കച്ചവടം വർധിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ചുരുങ്ങിയ സമയത്തിനകം മറ്റ് രാജ്യങ്ങളിൽ നിന്ന് അവശ്യസാധനങ്ങൾ എത്തിക്കാൻ സംവിധാനമുണ്ടെന്നും മന്ത്രിസഭ ഉറപ്പു നൽകി. അതേസമയം പ്രതിസന്ധി ദിവസങ്ങൾ നീണ്ടുനിന്നാൽ അയൽരാജ്യങ്ങളെ മാത്രം ആശ്രയിക്കുന്ന ഫ്രഷ്പാൽ ഉൾപെടെയുള്ള ചുരുക്കം ചില ഉത്പന്നങ്ങൾക്ക് മാത്രമായിരിക്കും അൽപമെങ്കിലും ക്ഷാമം നേരിടാൻ സാധ്യതയുള്ളത്.

അറബ് രാജ്യങ്ങളിൽ നിന്നും കരമാർഗം വരുന്ന ചില പ്രത്യേകയിനം പച്ചക്കറികൾക്കും ക്ഷാമം നേരിട്ടേക്കും. അതേസമയം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്ഷ്യോത്പന്നങ്ങൾ എത്തിക്കാൻ വ്യാപാരികൾക്ക് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് വാണിജ്യ മന്ത്രാലയവും ഖത്തർ ചേമ്പറും വ്യാപാരികളുടെ യോഗം വിളിച്ചു ഉറപ്പ് നൽകിയിട്ടുണ്ട്. പ്രതിസന്ധി മുതലെടുത്ത് അവശ്യവസ്തുക്കളുടെ വില വർധിപ്പിക്കുന്നത് തടയാനും ബന്ധപ്പെട്ട മന്ത്രാലയങ്ങൾ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.