തിരുവനന്തപുരം: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അച്ഛന്മാരെ ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ കൊണ്ടു വന്നത് മനുഷ്യത്വരഹിതമായെന്ന എം സ്വരാജ് എംഎല്‍എയുടെ പരാമര്‍ശത്തിന് മറുപടിയുമായി കൃപേഷിന്റെയും ശരത്തിന്റെയും അച്ഛന്മാര്‍. 

ഇത്തരമൊരു അവസ്ഥയിലെത്തിയവരോട് സംസാരിക്കാന്‍ സ്വരാജ് മടിക്കുന്നത് എന്തിനാണ്. ഞങ്ങള്‍ക്ക് പറയാനുള്ളത് ലോകം അറിയണ്ടേ? ഇവര്‍ പറയുന്ന അന്വേഷണവും കാര്യങ്ങളും കേട്ട് പോകണമെന്നാണോ ഉദ്ദേശിക്കുന്നതെന്ന് ശരത്തിന്റെ പിതാവ് സത്യനാരായണന്‍ ചോദിക്കുന്നു. അന്വേഷണവുമായി ആരാണ് ഞങ്ങളുടെ അടുത്തേയ്ക്ക് വന്നത്?. മിണ്ടാതെ കരഞ്ഞുകൊണ്ട് ഇരിക്കണമെന്നാണോ സ്വരാജ് ഉദ്ദേശിക്കുന്നത്? ഞങ്ങള്‍ക്ക് പറയാനുള്ളതും ലോകം അറിയേണ്ടേ? സത്യാവസ്ഥ പുറത്ത് വരണ്ടേയെന്നും സത്യനാരായണന്‍ ചോദിക്കുന്നു. 

"

ദുഃഖവും സങ്കടവും ഉണ്ട് അത് തുറന്നുപറയാന്‍ തന്നെയാണ് പ്രതികരിക്കുന്നതെന്നും കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ പറഞ്ഞു. ഞങ്ങളുടെ ദുഖം മാധ്യമങ്ങളിലൂടെ പുറത്ത് അറിയുമ്പോള്‍ അവര്‍ക്ക് ഒരു ബദ്ധപ്പാടുണ്ട്. അത് മനസിലാക്കുന്നുവെന്ന് കൃഷ്ണന്‍ പറഞ്ഞു. മകന്റയും മകന്റെ സുഹൃത്തിനെയും കൊന്നവരെ പുറത്തു കൊണ്ടുവരണമെന്നാണ് ആഗ്രഹിക്കുന്നത്. മകന്റെ മരണത്തില്‍ നീതി തേടി ജീവിച്ചിരിക്കുന്ന അത്രയും കാലം പോരാടുമെന്നും കൃഷ്ണൻ പറഞ്ഞു.